കോഹ്ലിയുടെ വെല്ലുവിളി ഏറ്റെടുക്കാനായും മോദി പൊടിച്ചത് ലക്ഷങ്ങള്‍; പ്രധാനമന്ത്രിയുടെ ‘യോഗ ഷൂട്ടിന്’ ചെലവഴിച്ചത് 35 ലക്ഷം രൂപയെന്ന് കണക്കുകള്‍

single-img
3 July 2018

അന്താരാഷ്ട്ര യോഗാ ദിനത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്‌നസ് ചലഞ്ചിന്റെ’ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനും 35 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണം. വീഡിയോ ചിത്രീകരിക്കാന്‍ ബി.ജെ.പി മീഡിയ സെല്ലിന്റെ നിര്‍ദേശ പ്രകാരം സ്വകാര്യ കമ്പനിക്ക് നല്‍കിയ തുകയ്ക്ക് പുറമെയാണ് ഈ തുകയെന്നാണ് ആരോപണം.

ഈ 35 ലക്ഷം രൂപ ആര് നല്‍കിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പരസ്യത്തിന് വേണ്ടി 20 കോടിയും മോദിയുടെ ഫിറ്റ്‌നസ് വീഡിയോയ്ക്ക് മാത്രം 35 ലക്ഷവും ചെലവഴിച്ചെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ ഒരു ദേശീയ മാധ്യമത്തിന്റെ വാര്‍ത്തയയെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ രാത്തോര്‍ തന്നെ രംഗത്ത് വന്നു. യോഗാ ഷൂട്ടിന് വേണ്ടി മന്ത്രാലയം നയാ പൈസ ചെലവഴിച്ചിട്ടില്ലായെന്ന് പറഞ്ഞ റാത്തോര്‍ തരൂരിന്റെ വാദത്തെ പരിഹസിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ വീഡിയോഗ്രാഫര്‍ ആണ് ആ വീഡിയോയും ഫോട്ടോകളും എടുത്തത് എന്നാണ് റാത്തോഡ് നല്‍കുന്ന വിശദീകരണം.

അതിന് ചെലവഴിച്ച തുക ഒരു തേര്‍ഡ് പാര്‍ട്ടിയുടെ സംഭാവനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ ഇത്രത്തോളം വൈറലായി കഴിഞ്ഞിട്ടും ആരാണ് ആ തേര്‍ഡ് പാര്‍ട്ടി എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല.

മൂന്നുദിവസം കൊണ്ട് എടുത്ത ഷൂട്ട് പിന്നീട് എഡിറ്റ് ചെയ്യുകയായിരുന്നു. ഇതിന്റെ മെയ്ക്കിംഗ് വീഡിയോയും ഇറങ്ങിയിട്ടുണ്ട് എന്നതിനാല്‍ പ്രൊഫഷണല്‍ വീഡിയോ ടീം തന്നെയാണ് ഷൂട്ടിന് പിന്നില്‍ എന്നത് ഉറപ്പാണ്.