നോട്ട് നിരോധനവും ജിഎസ്ടിയും മാരക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് രാജ്യത്ത് സൃഷ്ടിച്ചതെന്ന് ജിഗ്‌നേഷ് മേവാനി

single-img
3 July 2018

നോട്ട് നിരോധനവും ജിഎസ്ടിയും ഏര്‍പ്പെടുത്തിയതിലൂടെ രാജ്യത്തെ 125 കോടിയോളം വരുന്ന ജനങ്ങളില്‍ മാരക സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി. നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളില്‍ തൊഴിലില്ലായ്മ ഉണ്ടാക്കിയതായും മേവാനി കുറ്റപ്പെടുത്തി.

2016 ല്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പുതിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചില ടിവി ചാനലുകള്‍ പുറത്തുവിട്ട പശ്ചാത്തലത്തിലാണ് മേവാനിയുടെ പ്രതികരണം. കര്‍ഷകരുടെ വരുമാനം രണ്ടിരട്ടിയാക്കുമെന്ന് മോദി പറഞ്ഞിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല.

കര്‍ഷകരുടെ നേര്‍ക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണ് മോദി ചെയ്തത്. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പുതിയ ജോലികള്‍ നല്‍കുമെന്ന് മോദി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ജോലി നല്‍കിയില്ല. അതിനാല്‍ നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കാണ് കൂടുതല്‍ മാരകം എന്നും ഗുജറാത്തിലെ എംഎല്‍എ കൂടിയായ ജിഗ്‌നേഷ് മേവാനി പറഞ്ഞു.