ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ 4 മാസം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്

single-img
3 July 2018

Hooyah…..ทีมหมูป่าพบเยาวชนทีมหมูป่าบริเวณหาดทรายห่างจาก Pattaya beach 200 เมตร โดยนักดำน้ำหน่วยซีลดำน้ำวางไลน์เชือกนำทาง ร่วมกับนักดำน้ำจากประเทศอังกฤษ ระยะทางจากห้องโถง 3 ยาว 1,900 เมตร เมื่อเวลา 21.38 น. คืนวันที่ 2 กรกฎาคม 2561#ThainavySEAL

Posted by Thai NavySEAL on Monday, July 2, 2018

തായ് ലന്‍ഡിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീം അംഗങ്ങളെയും കോച്ചിനേയും പുറത്തെത്തിക്കാന്‍ മാസങ്ങളെടുക്കുമെന്ന് സൂചന. മണ്‍സൂണ്‍ അവസാനിക്കുന്ന ഒക്ടോബറിന് ശേഷമെ ഗുഹയ്ക്കുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

കനത്ത മഴയില്‍ ഗുഹാപാതയില്‍ വെള്ളം നിറഞ്ഞിരിക്കുന്നതാണ് കുട്ടികളെ പുറത്തെത്തിക്കുന്നതില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. വെള്ളം താഴ്ന്നിട്ട് കുട്ടികളെ വെളിയിലെത്തിക്കാമെന്ന് വെച്ചാല്‍ തന്നെ അതിന് ചുരുങ്ങിയത് നാല് മാസം പിടിക്കും. അതല്ലെങ്കില്‍ കുട്ടികളെയും മുങ്ങാംകുഴിയിടാന്‍ പഠിപ്പിച്ച് അതിലൂടെ വെളിയിലെത്തിക്കണം. എന്നാല്‍ അതും ദുഷ്‌കരമാണ്.

നിലവിലെ സാഹചര്യത്തില്‍ ചെളി നിറഞ്ഞതും തമ്മില്‍ കാണാനാകാത്ത വിധത്തില്‍ വെള്ളം നിറഞ്ഞതുമായ ഗുഹാവഴികളിലൂടെ മുങ്ങി നീന്തിയെത്താന്‍ ഇവരെ പരിശീലിപ്പിക്കുക എന്നത് സാഹസികമാണ്. ഗുഹയില്‍ നിറഞ്ഞ വെള്ളം പമ്പു ചെയ്തു കളഞ്ഞ് ജലപരിധി താഴ്ത്താനുളള ശ്രമങ്ങള്‍ വിജയം കാണാത്തതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നു.

പലരുടേയും ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് തന്നെ അവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എത്തിക്കുക എന്നതായിരിക്കും ആദ്യ നടപടി. പലരും വിശന്ന് അവശരായിട്ടാണുള്ളത്.

പേടിച്ചിരിക്കുന്ന കുട്ടികളോട് കൂടുതല്‍ ആളുകള്‍ അടുത്തേക്ക് എത്തുന്നുണ്ടെന്ന് പറഞ്ഞാണ് സമാധാനിപ്പിച്ചത്. ഏകദേശം നാല് മാസത്തേക്ക് പിടിച്ച് നില്‍ക്കാനുള്ള ഭക്ഷണവും സാധനങ്ങളും ഗുഹയ്ക്കുള്ളിലേക്ക് എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കാത്തിരിപ്പിന്റെ പത്താം നാളിലാണ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ കോച്ചിനെയും ജീവനോടെ കണ്ടെത്തിത്. അണ്ടര്‍ 16 ഫുട്‌ബോള്‍ ടീമായ വൈല്‍ഡ് ബോറിലെ അംഗങ്ങളായ 12 സ്‌കൂള്‍ കുട്ടികളും അവരുടെ പരിശീലകനായ ഇക്കാപോല്‍ ജന്താവോങും (25) ജൂണ്‍ 23നാണ് തായ്‌ലാന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള താം ലുവാങ് നാങ് നോണ്‍ ഗുഹയില്‍ കുടുങ്ങിയത്.

കനത്തമഴയെത്തുടര്‍ന്നാണ് ഇവര്‍ ഗുഹയില്‍ അഭയം തേടിയത്. എന്നാല്‍ മണ്ണും ചെളിയും നിറഞ്ഞ് കവാടം അടഞ്ഞതോടെ ഇവര്‍ ഗുഹയ്ക്കുള്ളില്‍പ്പെട്ടു. 11 മുതല്‍ 16 വരെ പ്രായമുള്ളവരാണ് കുട്ടികള്‍. സേനയുടെ പ്രത്യേകസംഘം നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയത്. പട്ടായ ബീച്ചില്‍നിന്ന് 400 മീറ്റര്‍ അകലെയുള്ള ഗുഹയുടെ ഭാഗത്താണ് ഇവരെ കണ്ടെത്തിയിട്ടുള്ളത്.

ബ്രിട്ടിഷ് ഡൈവര്‍മാരായ ജോണ്‍ വോളന്തെനും റിക് സ്റ്റാന്റനുമാണ് കുട്ടികളെയും കോച്ചിനെയും ആദ്യം കണ്ടെത്തിയത്. ബ്രിട്ടിഷ് കേവ് റെസ്‌ക്യൂ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഗുഹകളില്‍ അകപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നതില്‍ വിദഗ്ധരാണ്. ഇവര്‍ കുട്ടികളുമായി സംസാരിച്ചതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തകന്‍: നിങ്ങള്‍ എത്രപേരുണ്ട്?

കുട്ടി: 13

രക്ഷാപ്രവര്‍ത്തകന്‍: 13, ബ്രില്യന്റ്

കുട്ടി: നമ്മള്‍ ഇന്നു തിരിച്ചുപോകില്ലേ?

രക്ഷാപ്രവര്‍ത്തകന്‍: ഇന്നല്ല, ഇന്നല്ല. ഞങ്ങള്‍ രണ്ടുപേരേ ഉള്ളൂ. ഞങ്ങള്‍ വരുന്നുണ്ടെന്ന് അവരോടു പറയണം. കുഴപ്പമില്ല. കുറേപ്പേര്‍ വരുന്നുണ്ട്. ഞങ്ങള്‍ ആദ്യം എത്തിയെന്നേ ഉള്ളൂ.

കുട്ടി: ഇന്ന് ഏതു ദിവസമാണ്?

രക്ഷാപ്രവര്‍ത്തകന്‍: ഇന്ന് ഏതു ദിവസമാണെന്നോ? തിങ്കളാഴ്ച, തിങ്കളാഴ്ച. നിങ്ങള്‍ ഇതിനകത്ത് അകപ്പെട്ടിട്ട് 10 ദിവസമായി, 10 ദിവസം. നിങ്ങള്‍ വളരെ ശക്തരാണ്. വളരെ ശക്തരാണ്.

കുട്ടി: (പറയുന്നത് വ്യക്തമല്ല)

രക്ഷാപ്രവര്‍ത്തകന്‍: ഓകെ. ഞങ്ങള്‍ വരും.

കുട്ടി: ഞങ്ങള്‍ക്കു വിശക്കുന്നു

രക്ഷാപ്രവര്‍ത്തകന്‍: അറിയാം, അറിയാം, ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങള്‍ വരാം. ഓകെ. ഞങ്ങള്‍ വരാം.

മറ്റൊരു കുട്ടി: ഞങ്ങള്‍ക്കു വിശക്കുന്നുവെന്നു അവരോടു പറയൂ (തായ് ഭാഷയില്‍)

കുട്ടി: അവര്‍ക്കതറിയാമെന്നു പറഞ്ഞു (തായ് ഭാഷയില്‍)

രക്ഷാപ്രവര്‍ത്തകന്‍: ഞങ്ങള്‍ വന്നു, ഞങ്ങള്‍ വന്നു.

മറ്റൊരു കുട്ടി: ഞങ്ങള്‍ ഒന്നും കഴിച്ചിട്ടില്ല (തായ് ഭാഷയില്‍) ഞങ്ങള്‍ക്കു ഭക്ഷണം വേണം, ഭക്ഷണം വേണം, ഭക്ഷണം വേണം.

കുട്ടി: അവരോടു പറഞ്ഞിട്ടുണ്ട് (തായ് ഭാഷയില്‍).

രക്ഷാപ്രവര്‍ത്തകന്‍: നാവികസേനയുടെ സീല്‍ വിഭാഗം നാളെയെത്തും ഭക്ഷണവുും ഡോക്ടര്‍മാരുമുള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളുമായി.

കുട്ടികള്‍: ഞങ്ങള്‍ക്കു സന്തോഷമായി.

രക്ഷാപ്രവര്‍ത്തകര്‍: ഞങ്ങള്‍ക്കും

കുട്ടികള്‍: നന്ദി, വളരെയധികം നന്ദിയുണ്ട്.

രക്ഷാപ്രവര്‍ത്തകര്‍: ഓകെ

കുട്ടികള്‍: നിങ്ങള്‍ എവിടെനിന്നുള്ളവരാണ്?

രക്ഷാപ്രവര്‍ത്തകന്‍: ഇംഗ്ലണ്ട്, യുകെ.

കുട്ടികള്‍: ഓഹ്!