മഹാരാജാസ് കോളേജിൽ എസ് എഫ് ഐ പ്രവര്‍ത്തകൻ കുത്തേറ്റ് മരിച്ചു:എസ്എഫ്ഐ ഇന്ന് പഠിപ്പുമുടക്കും.

single-img
2 July 2018

കൊച്ചി: ഏറണാകുളം മഹാരാജാസ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യു (20) ആണ് മരിച്ചത്. ഇടുക്കി വട്ടവട സ്വദേശിയാണ് മരിച്ച അഭിമന്യു. എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ എന്ന വിദ്യാര്‍ഥി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘട്ടനത്തിനിടെയാണ് അഭിമന്യു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ്‌ സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കാമ്പസ് ഫ്രണ്ട്‌ പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞു.

വൈകിട്ട് പോസ്‌റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ പഠിപ്പ് മുടക്കും. സ്കൂളുകളിലും കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു.