ജയിലുകള്‍ ശിക്ഷിക്കപ്പെടുന്നവന്റെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടങ്ങളല്ലെന്ന് മുഖ്യമന്ത്രി;മുഖ്യമന്ത്രി ടി.പി. കേസ് പ്രതികളെ കണ്ടു.

single-img
2 July 2018

കണ്ണൂര്‍ : ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്നും തടവുകാരുടെ തെറ്റുകള്‍ തിരുത്തി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായി അവ മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷനല്‍ ഹോമിലെ അന്തേവാസികള്‍ക്കുള്ള പുതിയ ബ്ലോക്കിന്റേത് ഉള്‍പ്പെടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീമേനി തുറന്ന ജയില്‍ അന്തേവാസികള്‍ക്ക് ഹ്രസ്വചിത്ര നിര്‍മാണത്തില്‍ പരിശീലനം നല്‍കിയ ചലച്ചിത്ര പ്രവര്‍ത്തകനും സംവിധായകനുമായ ചിദംബരം പളനിയപ്പനും തടവുകാരെ ചെണ്ടവാദ്യം അഭ്യസിപ്പിച്ച രാധാകൃഷ്ണന്‍ മാരാര്‍ക്കും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു.

അതേസമയം കണ്ണൂർ സെൻട്രൽ ജയിൽ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ടി.പി.വധക്കേസ് പ്രതികൾ നിവേദനം നൽകി. കെ.സി.രാമചന്ദ്രൻ, ടി.കെ.രജീഷ് എന്നിവരാണ് മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയത്. പരോൾ സംബന്ധമായ വിഷയത്തിലായിരുന്നു നിവേദനം. ജയിലിലെത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ താൽപര്യമുള്ളവർക്ക് അവസരമുണ്ടാകുമെന്ന് ജയിൽ വകുപ്പ് അറിയിച്ചിരുന്നു. ഇതു പ്രകാരം ടി.പി. കേസ് പ്രതികൾ ഉൾപ്പടെ ഇരുപത് അന്തേവാസികളാണ് നിവേദനം നൽകിയത്.

ജയിൽ ഉപദേശക സമിതിയംഗങ്ങളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വത്സൻ പനോളി എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി നിവേദനം സ്വീകരിച്ചത്. മുൻകൂട്ടി അനുമതി നേടാത്തതിനെ തുടർന്ന് മറ്റൊരു പ്രതിയും സി.പി.എം പാനൂർ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല.ഇരുവരും പരസ്പരം അഭിവാദ്യം ചെയ്തു.

ചടങ്ങിൽ നിന്ന് സ്ഥലം എം.എൽ.എ കെ.എം. ഷാജി വിട്ടുനിന്നത് ശ്രദ്ധേയമായി. മണ്ഡലത്തിലെ ചടങ്ങിൽ ഉദ്ഘാടനം മുഖ്യമന്ത്രിയെങ്കിൽ എം.എൽ.എ അദ്ധ്യക്ഷനാകണമെന്നാണ് ചട്ടം. എന്നാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് അദ്ധ്യക്ഷനായത്. ഷാജിയെ മുഖ്യാതിഥിയായാണ് നിശ്ചയിച്ചിരുന്നത്. അതേസമയം പങ്കെടുക്കാൻ കഴിയില്ലെന്ന് എം.എൽ.എ അറിയിച്ചിരുന്നില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞു.