അഭിമന്യുവിന്റെ കൊല: മുഖ്യപ്രതി ഒളിവിലെന്ന് പൊലീസ്

single-img
2 July 2018

കൊച്ചി : എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യു (20) കുത്തേറ്റു മരിച്ച സംഭവത്തില്‍ മുഖ്യപ്രതി വടുതല സ്വദേശി മുഹമ്മദ് എന്ന് പോലീസ്. കോളജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയാണ് മുഹമ്മദെന്നും,ഇയാള്‍ ഇപ്പോള്‍ ഒളിവിലെന്നും പോലീസ് പറഞ്ഞു. അതേസമയം ആകെ 15 പ്രതികളെന്ന് ദൃക്‌സാക്ഷി മൊഴി.

ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതർക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റർ ഒട്ടിക്കാനും മറ്റുമായി ഇന്നലെ 12 ഓടെയാണ് അഭിമന്യുവിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ എത്തിയത്. ഈ സമയം ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും പോസ്റ്റർ പതിക്കുന്നതിനായി എത്തിയിരുന്നു. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഇരുവിദ്യാർത്ഥികളും വാക്കുതർക്കമായി. ഇതിനിടെ മഹാരാജാസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകനെന്ന് പറയപ്പെടുന്ന മുഹമ്മദ് സ്ഥലത്തേക്ക് കൂടുതൽ ആളുകളെ എത്തിക്കുകയായിരുന്നു. പുറത്ത് നിന്നും ഇരുപതോളം പേരടങ്ങുന്ന സംഘം മൂർച്ചയേറിയ ആയുധങ്ങളുമായാണ് എത്തിയത്. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ ഇവർ കത്തി വീശി. പ്രവർത്തകർ ഓടി മാറിയെങ്കിലും പിന്നാലെ എത്തിയ അക്രമിസംഘം തടഞ്ഞ് വച്ച് മർദ്ദിച്ചു. ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റതും അർജുന് പരിക്കേറ്റതും. പിന്നിൽ നിന്നായിരുന്നു ആക്രമണം. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അഭിമന്യു തത്ക്ഷണം മരിച്ചു. സുഹൃത്തുകൾ ചേർന്നാണ് അർജുനെയും ആശുപത്രിയിൽ എത്തിച്ചത്.

സംഭവവുമായി ആലുവ സ്വദേശി ബിലാൽ, കോട്ടയം സ്വദേശി ഫറൂക്ക്, ഫോർട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരെയും ചോദ്യം ചെയ്തു വരികയാണ്.