കെവിന്‍ വധക്കേസ്: എസ്.ഐ നിയമലംഘനം നടത്തിയെന്ന് കോടതി;എസ്.ഐ പ്രതിക്കൊപ്പം നിന്നു

single-img
2 July 2018

കൊച്ചി: കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ് ഐ ആയിരുന്ന എം എസ് ഷിബു കെവിന്‍ വധക്കേസില്‍ നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി.

കേസില്‍ എസ്.ഐ തുടക്കത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ല. നിയമപരമായ നടപടികള്‍ ആയിരുന്നില്ല എസ്.ഐയുടെ ഭാഗത്തുനിന്നുണ്ടായത്. നീനുവിനെ കാണാനില്ല എന്ന ചാക്കോയുടെ പരാതിയില്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചില്ല. നീനുവിനെ കണ്ടെത്തിയ എസ്.ഐ പോലീസ് സ്‌റ്റേഷനില്‍ ആണ് എത്തിച്ചത്. അവിടെ വച്ച് ചാക്കോയുമായി ഒത്തുതീര്‍പ്പില്‍ എത്തുന്നതിന് ചര്‍ച്ച നടത്തി. ചാക്കോയ്‌ക്കൊപ്പമാണ് എസ്.ഐ നിന്നത്.

നീനുവിനെ കണ്ടെത്തി ഉടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നെന്നും കോടതി പറഞ്ഞു.

കെവിന്‍ വധത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും തുടക്കംമുതല്‍ വീഴ്ചകള്‍ സംഭവിച്ചിരുന്നുവെന്ന് കണ്ടെത്തിയതോടെ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്റു ചെയ്തിരുന്നു. മെയ് 27നാണ് കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി കെവിനെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും അടക്കമുള്ളവര്‍ തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.