വൈദികര്‍ ലൈംഗിക ചൂഷണത്തിനു ഉപയോഗിച്ചത് മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി നടത്തിയ കുമ്പസാരം;അഞ്ച് വൈദികര്‍ അടക്കം ഒന്‍പതു പേര്‍ പീഡിപ്പിച്ചെന്നു പരാതിക്കാരി

single-img
2 July 2018

പത്തനംതിട്ട: വിവാദമായ ഓര്‍ത്തോഡോക്‌സ് സഭ വൈദികരുടെ ലൈംഗികാരോപണക്കേസില്‍ വൈദികരെ തള്ളിപ്പറഞ്ഞ് ഇരായായ യുവതി. അഞ്ചു വൈദികരുടെയും പേരെടുത്തുപറഞ്ഞ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നാലുപേർ കൂടി പീഡിപ്പിച്ചെന്നും വെളിപ്പെടുത്തലുണ്ട്.കുമ്പസാര രഹസ്യം ചോർത്തിയത് 10 വർഷം മുന്പാണെന്ന് സത്യപ്രസ്താവനയിൽ വെളിപ്പെടുത്തി.

മൂത്ത മകന്റെ മാമോദീസ ചടങ്ങിനുമുന്നോടിയായി ഇവർ നടത്തിയ കുമ്പസാരമാണ് ചൂഷണത്തിനായി ഉപയോഗിച്ചത്. നിരണം ഭദ്രാസനത്തിലെ വൈദികനാണ് കുമ്പസാരം കേട്ടത്. ഇയാൾ വഴി മറ്റുവൈദികർ ഇതറിഞ്ഞെന്നും ലൈംഗിക ചൂഷണം നടത്തിയെന്നും പറയുന്നു. വൈദികരായ എബ്രഹാം വർഗീസ്, ജെയ്‌സ് കെ. ജോർജ്, ജോബ് മാത്യു, ജോൺസൺ വി. മാത്യു, ജിജോ ജെ. എബ്രഹാം എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സത്യപ്രസ്താവന. വൈദികരെ കൂടാതെ മറ്റുനാലുപേരും ലൈംഗികമായി ചൂഷണം ചെയ്തെന്ന് പറയുന്നു.

തന്റെ ഭാര്യയെ സഭയിലെ അഞ്ചുവൈദികര്‍ ലൈംഗികമായി ഉപയോഗിക്കുന്നെന്നും കുമ്പസാരത്തിന്റെ പേരില്‍ പീഡനം നടത്തിവരികയാണെന്നും യുവതിയുടെ ഭര്‍ത്താവ് സഭാംഗത്തോട് പറഞ്ഞ വോയ്‌സ് ക്ലിപ്പ് പുറത്തായതോടെയാണ് സംഭവം വിവാദമായത്. ആരോപണ വിധേയരായ വൈദികരെ പിന്നീട് അന്വേഷണ വിധേയമായി നിരണം ഇടവകയില്‍ നിന്ന് താത്കാലികമായി സഭ പുറത്താക്കുകയും ചെയ്തിരുന്നു. സഭയുടെ അന്വേഷണത്തില്‍ വൈദികര്‍ക്കെതിരെയുള്ള അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു വ്യക്തമാക്കിയത്. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടര്‍ന്നു വരികയാണ്.

അതേസമയം വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണ വിവാദത്തില്‍ പ്രതികരണവുമായി വൈദികരിലൊരാളായ ഫാ. ജോണ്‍സണ്‍ വി മാത്യു രംഗത്തെത്തി. തനിക്കെതിരേ നല്‍കിയ പരാതി ബ്ലാക്മെയില്‍ ചെയ്യാനാണെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പറഞ്ഞു.

കോളേജില്‍ തന്റെ സീനിയറായിരുന്നു യുവതി. അശ്ലീല ചിത്രങ്ങള്‍ യുവതിക്ക് അയച്ചിട്ടില്ല, പരാതിക്കാരിയുമായി ഒരുമിച്ച് സഞ്ചരിച്ചിട്ടില്ല,യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ കക്ഷി വഴക്കിന്റെ ഇരയാണ് താന്‍. പോലീസ് തന്റെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ളവ പരിശോധിക്കട്ടെയെന്നും ഫാ.ജോണ്‍സണ്‍ വി മാത്യു പ്രതികരിച്ചു.

എന്നാല്‍ തന്റെ പരാതി ആരെയങ്കിലും ബ്ലാക്മെയില്‍ ചെയ്യാനല്ലെന്നും കൃത്യമായ നടപടിക്ക് വേണ്ടിയുള്ളതാണെന്നും യുവതിയുടെ ഭര്‍ത്താവ് പ്രതികരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്നും പരാതിക്കാരന്‍ പ്രതികരിച്ചു.