മന്ത്രിയായിരുന്നപ്പോള്‍ ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്: വെളിപ്പെടുത്തലുമായി സജിത മഠത്തില്‍

single-img
1 July 2018

ഇടവേള ബാബുവിന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതിനു പിന്നാലെ കെബി ഗണേഷ് കുമാറിനെതിരെ പുതിയ വെളിപ്പെടുത്തലുമായി സജിത മഠത്തില്‍ രംഗത്ത്. സിനിമാ മന്ത്രിയായിരുന്നപ്പോള്‍ കെബി ഗണേഷ് കുമാറില്‍ നിന്നും വളരെ മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സജിത മഠത്തില്‍ ഗണേഷ് കുമാറിനെതിരെ തുറന്നടിച്ചിരിക്കുന്നത്. ‘സിനിമ മന്ത്രിയായിരുന്നപ്പോള്‍ കെബി ഗണേഷ് കുമാര്‍ ചലച്ചിത്ര അക്കാദമിയില്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വന്നു. അദ്ദേഹം എന്റെ കാബിന് മുന്നിലൂടെ പോകുന്നത് കണ്ടിരുന്നു.

അന്ന് ഡെപ്യൂട്ടി ഡയറക്ടറായാണ് അവിടെ ജോലി ചെയ്തിരുന്നത്. മന്ത്രിയോട് എനിക്ക് മുകളിലുള്ള സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ സംസാരിക്കുകയെന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. അതുകൊണ്ട് ഉടന്‍ തന്നെ ഞാന്‍ സെക്രട്ടറിയെ വിളിച്ച് മന്ത്രി വന്ന കാര്യം അറിയിച്ചു.

എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ പെട്ടെന്ന് വരാമെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. പെട്ടെന്ന് പിയൂണ്‍ വന്നിട്ട് മിനിസ്റ്റര്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെല്ലുമ്പോള്‍ മിനിസ്റ്റര്‍ ചെയര്‍മാന്റെ സീറ്റില്‍ ഇരിക്കുകയാണ്. എന്നെ എല്ലാവരുടേയും മുന്നില്‍ വെച്ച് അദ്ദേഹം ഷൗട്ട് ചെയ്യുകയാണ്.

ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ എന്നെല്ലാം ചോദിച്ചായിരുന്നു ബഹളം. എനിക്ക് വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതിപ്പെടുകയോ മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്യാമായിരുന്നു. എന്നെ പ്രൈവറ്റായി ചെയ്തിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ തിരിച്ചുപറഞ്ഞേനേ.

ഒരു സംഘടനയെ മുഴുവന്‍ ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാല്‍ ഞാനന്ന് മിണ്ടാതിരിക്കുകയായിരുന്നു. ഇപ്പോള്‍ പറയുന്നതില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല’ സജിത മഠത്തില്‍ പറയുന്നു. താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കെതിരായ ഗണേഷ് കുമാറിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

രാജിവെച്ച നടിമാര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്നവരാണ്. അവര്‍ എന്നും അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കരുത്. രാജിവെച്ച നടിമാര്‍ സിനിമയില്‍ സജീവമല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അമ്മയുടെ സ്റ്റേജ് ഷോയിലും ഇവര്‍ സഹകരിച്ചില്ല. മാധ്യമങ്ങള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ ഈ വര്‍ത്തകള്‍ അവസാനിപ്പിക്കും. പത്രവാര്‍ത്തയും ഫെയ്‌സ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുതെന്നും ഗണേഷ് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

കടപ്പാട്: മീഡിയവണ്‍