പാലിനും ബെന്‍സിനും ഒരേ നികുതി ഏര്‍പ്പെടുത്താനാകില്ല: കോണ്‍ഗ്രസിന് മറുപടിയുമായി മോദി

single-img
1 July 2018

പാലിനും മെഴ്‌സിഡസ് ബെന്‍സ് കാറിനും ഒരേ ജി.എസ്.ടി നിരക്ക് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടി ആശയക്കുഴപ്പങ്ങള്‍ പരിഹരിച്ച് ഒറ്റ സ്‌ലാബാക്കി മാറ്റുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ അവശ്യസാധനങ്ങളെ നികുതിപരിധിയില്‍നിന്ന് ഒഴിവാക്കി, മറ്റുള്ളവയ്ക്ക് 18% നികുതി എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ആശയം. എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ നീക്കം രാജ്യത്തു ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിലവര്‍ധനയ്ക്കു മാത്രമേ ഉപകരിക്കൂവെന്ന് ‘സ്വരാജ്യ’ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി.

ജി.എസ്.ടി നടപ്പില്‍ വന്ന് ഒരു വര്‍ഷം തികയുന്‌പോള്‍ പരോക്ഷ നികുതിയില്‍ 70 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ജി.എസ്.ടി വന്നതോടെ ചെക്‌പോസ്റ്റുകള്‍ ഇല്ലാതായി, 17 നികുതികളേയും 23 സെസുകളേയും ഏക നികുതി ഘടനയ്ക്ക് കീഴിലാക്കാന്‍ കഴിഞ്ഞു.

ചരക്കുകൈമാറ്റവുമായി ബന്ധപ്പെട്ട 350 കോടി ഇന്‍വോയിസുകള്‍ പരിഗണനയ്‌ക്കെത്തി. 11 കോടി ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. നാനൂറോളം ഉല്‍പന്നങ്ങളുടെ നികുതി നിരക്ക് കുറഞ്ഞു. 150ഓളം ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം ശതമാനമാണു നികുതി. ജിഎസ്ടിക്കു ശേഷം അരി, ഗോതമ്പ്, പഞ്ചസാര, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി മിക്ക ഉല്‍പന്നങ്ങളുടെയും നികുതി കുറഞ്ഞതായി കാണാം.

വീട്ടാവശ്യങ്ങള്‍ക്കുള്ള മിക്ക വസ്തുക്കളുടെയും നികുതിയില്‍ വന്‍ കുറവാണ്. കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന 18 ശതമാനം നികുതി സ്‌ലാബിനു കീഴിലാണ് 95 ശതമാനം വരുന്ന ഉല്‍പന്നങ്ങളെന്നും മോദി വ്യക്തമാക്കി. പരോക്ഷ നികുതി സമ്പ്രദായം ലളിതമാക്കിയത് കൂടാതെ രാജ്യത്തെ ‘ഇന്‍സ്‌പെക്ടര്‍ രാജ്’ ഇല്ലാതാക്കാനും ജി.എസ്.ടിയിലൂടെ കഴിഞ്ഞു. എല്ലാ ഉല്‍പന്നങ്ങള്‍ക്കും ഒരേ നികുതി ഏര്‍പ്പെടുത്തന്നത് ലളിതമായിരിക്കും. എന്നാല്‍, അത് പ്രായോഗികമല്ലെന്നും മോദി പറഞ്ഞു.