ടിപി കേസ് പ്രതികളുമായി ജയിലില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

single-img
1 July 2018

തിരുവനനന്തപുരം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന പ്രതികളെ സന്ദര്‍ശിച്ചു. രാവിലെ 9.30നാണ് ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും ഒമ്പത് മണിയോടെ മുഖ്യമന്ത്രി ജയിലില്‍ എത്തി.

തുടര്‍ന്ന് ടി.പി വധക്കേസ് പ്രതികളായ കെ.സി.രാമചന്ദ്രന്‍, ടി.കെ.രജീഷ് എന്നിവരടക്കം 20 തടവുകാരെ മുഖ്യമന്ത്രി കണ്ടു. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വത്സന്‍ പനോളി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

രാമചന്ദ്രനും രജീഷും മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി. ടി.പി.കേസിലെ മറ്റൊരു പ്രതിയും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.

എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍ നിന്നുകൊണ്ട് കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. അദ്ദേഹം പ്രത്യഭിവാദ്യവും ചെയ്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.പിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്‍. ശ്രീലേഖ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അതേസമയം സ്വന്തം മണ്ഡലത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍നിന്നു കെ.എം. ഷാജി എംഎല്‍എ വിട്ടു നിന്നതും ശ്രദ്ധേയമായി. മണ്ഡലത്തിലെ ചടങ്ങില്‍ ഉദ്ഘാടകന്‍ മന്ത്രിയെങ്കില്‍ എംഎല്‍എയെ അധ്യക്ഷനാക്കണമെന്നാണു പ്രോട്ടോക്കോള്‍. എന്നാല്‍ പരിപാടിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൂടി ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ അധ്യക്ഷനാക്കുകയും ഷാജിയെ മുഖ്യാതിഥിയാക്കുകയുമായിരുന്നു.

വരാന്‍ കഴിയില്ലെന്ന് എംഎല്‍എ അറിയിച്ചിരുന്നില്ലെന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫ് അയിരുന്നെന്നാണു ജയില്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ എംഎല്‍എയുടെ പ്രതികരണം ലഭിച്ചിട്ടില്ല.