വെളിച്ചെണ്ണ വാങ്ങുമ്പോള്‍ സൂക്ഷിക്കുക: നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വീണ്ടും പേരുമാറ്റി വില്‍പ്പന നടത്തുന്നു; 51 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണ കൂടി സംസ്ഥാനത്ത് നിരോധിച്ചു

single-img
1 July 2018

സംസ്ഥാനത്ത് നിരോധിച്ച കമ്പനികളുടെ വെളിച്ചെണ്ണ വില്‍പ്പന വീണ്ടും സജീവമാകുന്നു. നിരോധിത കമ്പനികള്‍ പുതിയ ബ്രാന്‍ഡുകളുടെ പേരിലാണ് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങളുടെ വന്‍ ശേഖരമാണ് പിടികൂടിയത്.

സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് 41 കമ്പനികളുടെ വെളിച്ചെണ്ണ നേരത്തെ നിരോധിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുന്ന ഗ്രാന്റ് കുറ്റ്യാടിയുടെ വെളിച്ചെണ്ണ കാസര്‍ഗോഡ് വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുതിയ തട്ടിപ്പ് പുറത്തു വന്നത്.

നിരോധിത പട്ടികയില്‍ ഉള്‍പ്പെട്ട ആഫിയ കോക്കനട്ട് ഓയിലിന്റെ പുതിയ ബ്രാന്‍ഡുകളും പരിശോധയില്‍ കണ്ടെത്തി. നിരോധിത കമ്പനികള്‍ പുതിയ പേരില്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പാമോയില്‍ ചേര്‍ത്ത എണ്ണയാണ് പിടിച്ചെടുത്തവയില്‍ കൂടുതലും.

വെളിച്ചെണ്ണയുടെ വിലയ്ക്കാണ് ഇവ വില്‍പ്പന നടത്തുന്നത്. കവറിനു പുറത്ത് തേങ്ങയുടെ ചിത്രമടക്കം നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുകയും ചെയ്യുന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിപണികളില്‍ ലഭ്യമായ 51 ബ്രാന്‍ഡിലുള്ള വെളിച്ചെണ്ണ നിരോധിച്ചു.

51 കമ്പനികളുടെയും ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എം ജി രാജമാണിക്യം ഉത്തരവിട്ടു. നിരോധിക്കപ്പെട്ട ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ സംഭരിക്കുന്നതും വില്‍പ്പന നടത്തുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.

നിരോധിച്ച ബ്രാന്‍ഡുകള്‍: പൗര്‍ണ്ണമി, ബി എസ് ആര്‍, പ്രീമിയം ക്വാളിറ്റി, മഹാരാശി, കേര നാളികേരം വെളിച്ചെണ്ണ, കേര മൗണ്ട്, കേര വൃക്ഷ, കേര ടോപ്പ്, കേര സ്വാദ്, കേര ലൈഫ്, കെ പി എന്‍ സൗദം, ഫ്രഷ് കേര ഗോള്‍ഡ് പ്യൂര്‍, കേര സ്റ്റാര്‍, എസ് ജി എസ് സിംപല്‍ ഓഫ് ക്വാളിറ്റി കേര പ്രീമിയം, കേര രൂചി, കേര വിന്‍, കേര റിച്ച്, കേര പ്രീമിയം, കേര ഭാരത്, കേര കിംഗ്, മലതീരം നച്യൂറല്‍, റോയല്‍ കുക്ക്, കേര കോ പ്യൂര്‍, ഭരണി, കൊച്ചിന്‍ ഡ്രോപ്പ്‌സ്, ഗംഗ ഗോള്‍ഡ് നച്യൂറല്‍, എസ് എം എസ്, എസ് കെയിസ് ആയുഷ്, സില്‍വര്‍ ഫ്‌ളോ, കാവേരി, ഇവര്‍ഗ്രീന്‍, കേര ഹണി, കെ എം ടി, കോകോ ഡ്രോപ്പ്‌സ്, ഡ്രീം കേര, വെല്‍ക്കം കുറ്റ്യാടി, പ്രിയം, കോകോ റുച്ചി, മലബാര്‍ പി എസ് ഗോള്‍ഡ് പ്രീമിയം, എല്‍ പി എം കേര ഡ്രോപ്പ്‌സ്, കോകോ സമൃദ്ധി, കേര രുചി, കേരളം നന്മ, പി വി എസ് പ്രീതി, ലൈവ് ഓണ്‍, കേര മഹിമ, സംസം ബ്രാന്‍ഡ്, രാഗ്, ഈസി, കോകോ വീറ്റാ എഡൈബിള്‍, എ എം, കേര റാണി.