മോഹന്‍ലാലിനെ കരിവാരി തേക്കാന്‍ സംഘടിത ശ്രമമോ?: ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ മാസങ്ങള്‍ക്കു മുന്‍പേ തീരുമാനിച്ചിരുന്നു

single-img
1 July 2018

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പുറത്താക്കിയ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം മാസങ്ങള്‍ക്കു മുന്‍പേ തയ്യാറാക്കിയ അജണ്ടയുടെ ഭാഗമെന്ന് റിപ്പോര്‍ട്ട്. ദിലീപിനെ പുറത്താക്കിയ തീരുമാനം ഒരു വര്‍ഷം മുന്‍പേ തന്നെ അമ്മ മരവിപ്പിച്ചിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ വീട്ടില്‍വെച്ചു ചേര്‍ന്ന അവൈലബിള്‍ എക്‌സിക്യുട്ടീവ് യോഗത്തിലാണ് ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ പിന്നാലെ നടന്ന എക്‌സിക്യുട്ടീവ് യോഗം ഈ തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. പുറത്താക്കിയ നടപടിക്ക് നിയമ സാധുതയില്ലാ എന്ന ഒരു കാരണത്താലാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് സാഥാനം മോഹന്‍ലാല്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്നും എല്ലാ വിമര്‍ശനങ്ങളേയും പൂര്‍ണ്ണമനസോടെ ഉള്‍ക്കൊള്ളുന്നതായും തീരുമാനം പുനഃപരിശോധിക്കാന്‍ ഒരുക്കമാണെന്നും കഴിഞ്ഞ ദിവസം മോഹന്‍ ലാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

അമ്മ എന്ന സംഘടന അവള്‍ക്കൊപ്പമാണെന്നും സംഘടനയില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഏകകണ്ഠമായെടുത്തതാണെന്നും തിരിച്ചെടുത്ത തീരുമാനം ദിലീപിനെ പോലും അറിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. സമൂഹമധ്യത്തില്‍ ഉയര്‍ന്നു വന്ന എല്ലാ വിമര്‍ശനങ്ങളേയും സംഘടന പൂര്‍ണ്ണ മനസോടെ ഉള്‍ക്കാള്ളുന്നു.

സംഘടനയുടെ തീരുമാനത്തില്‍ എതിര്‍ ശബ്ദമുയര്‍ത്തി പുറത്തു പോയവരുടെ വികാരമെന്തായാലും അത് പുനഃപരിശോധിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. തിരുത്തലുകള്‍ ആരുടെ പക്ഷത്ത് നിന്നായാലും നടപ്പാക്കുമെന്നും സംഘടയുടെ അംഗങ്ങള്‍ ഒത്തൊരുമയോടെ നില്‍ക്കേണ്ടത് സംഘടനയുടെ മാത്രം കാര്യമാണെന്ന് ഓര്‍ക്കണമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നുണ്ട്. മോഹന്‍ലാലിന്റെ പ്രതികരണം കൂടി വന്ന മുറക്ക് പ്രശ്‌നപരിഹാരം ഉടനുണ്ടായേക്കുമെന്ന സൂചനയാണ് അമ്മ നേതൃത്വം നല്‍കുന്നത്.