അമിത് ഷാ ഡയറക്ടറായ ബാങ്കിലെ 745 കോടിയുടെ നിക്ഷേപത്തില്‍ വന്‍ ദുരൂഹത; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

single-img
1 July 2018

1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ ആദ്യ അഞ്ചു ദിവസംകൊണ്ട് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ 745 കോടി രൂപയുടെ നിക്ഷേപം എത്തിയതില്‍ ദുരൂഹത തുടരുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഏറ്റവുമധികം നിക്ഷേപമെത്തിയ ജില്ലാ സഹകരണ ബാങ്കുകളിലൊന്നായിരുന്നു അമിത് ഷാ ഇപ്പോഴും ഡയറക്ടര്‍ പദവിയില്‍ തുടരുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് (എ.ഡി.സി.ബി).

ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് (നബാര്‍ഡ്) വിവരാവകാശ മറുപടിയില്‍ ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ കഴിഞ്ഞയാഴ്ച പുറത്തുവിട്ടത്. എന്നാല്‍, അതിന് തൊട്ടു പിന്നാലെ എ.ഡി.സി.ബിയെ സംരക്ഷിക്കുന്ന പ്രസ്താവനയുമായി നബാര്‍ഡ് രംഗത്തെത്തിയിരുന്നു.

ബാങ്കിലെ 98.6 ശതമാനംപേരും നിയമ വിധേയമായ രണ്ടരലക്ഷത്തില്‍ താഴെ തുകയാണ് നിക്ഷേപിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍, ബാക്കിവരുന്ന 1.4 ശതമാനം പേരില്‍ നിന്നാണ് 745 കോടിയിലെ 60 ശതമാനത്തിലേറെ നിക്ഷേപവും എത്തിയതെന്ന് നബാര്‍ഡ് മറച്ചുവെച്ചതായി ‘ദ വയര്‍’ പറയുന്നു.

രാജ്യത്തെ ഒരു ശതമാനം പേരിലാണ് രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 73 ശതമാനവും എന്നാണ് കണക്ക്. എ.ഡി.സി.ബിയില്‍ 46,795 രൂപ വീതമാണ് ഒരാളില്‍നിന്ന് ശരാശരി നിക്ഷേപമുണ്ടായിരിക്കുന്നത്. 98.66 ശതമാനംപേരും നിക്ഷേപിച്ചിരിക്കുന്നത് രണ്ടരലക്ഷത്തില്‍ താഴെ തുകയാണ്.

ആരൊക്കെയാണ് രണ്ടര ലക്ഷത്തിലേറെ നിക്ഷേപം നടത്തിയതെന്ന് നബാര്‍ഡ് വ്യക്തമാക്കേണ്ടതുണ്ടെന്നും ഇത്രയും വലിയ നിക്ഷേപത്തില്‍ ആദായനികുതി വകുപ്പിന് സംശയം തോന്നിയില്ലെന്നത് പരിശോധിക്കപ്പെടേണ്ടതാണെന്നും വെബ്‌സൈറ്റ് പറയുന്നു.

ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടിയതില്‍ അസ്വാഭാവികമായ എന്തോ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ നബാര്‍ഡ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.