മോദിയുടെ കള്ളപ്പണ വേട്ടയും പാളി: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ 50 % വര്‍ദ്ധന

single-img
29 June 2018

 

 

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 50.2 ശതമാനത്തോളം വര്‍ധിച്ച് 7,000 കോടി രൂപയായി. 2017ലെ കണക്കാണിത്. സ്വിസ് നാഷണല്‍ ബാങ്ക് (എസ്.എന്‍.ബി.) വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികവിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കള്ളപ്പണത്തിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വര്‍ധന. 2017 വര്‍ഷത്തെ തങ്ങളുടെ ആകെ നിക്ഷേപത്തില്‍ 3 % വളര്‍ച്ച രേഖപ്പെടുത്തിയതായും സ്വിസ് നാഷണല്‍ ബാങ്ക് പുറത്തിറക്കിയ കണക്കില്‍ പറയുന്നു.

സിംഗപ്പൂര്‍, ഹോങ്കോംഗ് ഉള്‍പ്പെടെയുള്ള ആഗോള സാമ്പത്തിക ഇടങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് നിക്ഷേപം കുറവാണെന്നാണ് സ്വിസ് പ്രൈവറ്റ് ബാങ്കുകളുടെ അസോസിയേഷന്‍ പറയുന്നത്. 2015 അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 8392 കോടി രൂപ നിക്ഷേപമാണ് ഇന്ത്യക്കാര്‍ക്ക് സ്വിസ് ബാങ്കുകളിലുണ്ടായിരുന്നത്.

എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഇന്ത്യാക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 4500 കോടിയായി കുറഞ്ഞിരുന്നു. 1987ല്‍ ഇടപാട് വിവരങ്ങള്‍ സ്വിസ് ബാങ്കുകള്‍ പരസ്യമാക്കിയതിന് ശേഷം ഏറ്റവും കുറഞ്ഞ നിക്ഷേപമായിരുന്നു ഇത്. എന്നാല്‍ 2017ലെത്തിയപ്പോള്‍ ഇത് 7000 കോടിയായി വര്‍ദ്ധിക്കുകയായിരുന്നു.

2006 അവസാനം സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 23,000 കോടി രൂപയായിരുന്നു. പിന്നീട് 2011ലും 2013ലും ഒഴികെ നിക്ഷേപത്തില്‍ കുറവ് വരുകയാണ് ചെയ്തത്. കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഉടനടി കൈമാറുന്നതിന് സ്വിസ് സര്‍ക്കാരും ഇന്ത്യയുമായി ധാരണയായതിന് പിന്നാലെയാണ് നിക്ഷേപം വര്‍ദ്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.