അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പേജില്‍ ബിജെപി പ്രവര്‍ത്തകരുടെ ‘പൊങ്കാല’

single-img
29 June 2018

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമിക്കണം എന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിനു താഴെ കമന്റുകളുടെ പ്രവാഹം. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് അമിത് ഷായുടെ പേജില്‍ കമന്റ് ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്തയിലെ ഒരു ചടങ്ങളില്‍ പങ്കെടുത്തതിനെക്കുറിച്ച് അമിത് ഷാ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് പ്രവര്‍ത്തകര്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമായി തങ്ങളുടെ ആവശ്യം രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഞങ്ങള്‍ കേരളത്തിലുള്ള ബിജെപി പ്രവര്‍ത്തകരാണ്. ഇവിടെ ബിജെപിയുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഒന്നിനും കൊള്ളാത്ത ഒരു നേതൃത്വം ആണ് ഇവിടെ ഉള്ളത്. കമ്മ്യൂണിസ്റ്റുകാരുടെ ഇടയില്‍ നിന്ന് ഞങ്ങള്‍ പ്രവര്‍ത്തകരെ രക്ഷിക്കുന്ന ഒരു നേതൃത്വം അല്ല ഇവിടെ ഉള്ളത്. ഇവിടെ ഉള്ള നേതാക്കന്മാര്‍ എല്ലാം തന്നെ അധികാരമോഹികളാണ്.

ഞങ്ങള്‍ക്ക് വേണ്ടത് അങ്ങനെയുള്ള നേതാക്കന്മാരെയല്ല. ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന, പ്രവര്‍ത്തകര്‍ക്ക് ഒപ്പം നില്‍ക്കുന്ന നേതാക്കന്മാരെയാണ് ഞങ്ങള്‍ക്ക് ആവശ്യം. കേരളത്തിലെ ബിജെപിയുടെ താഴെ തട്ട് മുതല്‍ മുകള്‍ തട്ടുവരെ പുനഃസംഘടിച്ച് ഒരു നല്ല നേതൃത്വം കേരളത്തില്‍ വന്നാല്‍ ഇവിടുത്തെ ബാക്കി കാര്യം പ്രവര്‍ത്തകര്‍ നോക്കും’ എന്നതാണ് അമിത് ഷായുടെ പേജില്‍ രേഖപ്പെടുത്തിയ ഒരു പ്രധാന കമന്റ്.

ഇതിനു പുറമെ ലസിത പാലയ്ക്കലിനെ സമൂഹമാധ്യമത്തിലൂടെ അവഹേളിച്ച സാബുവിനെതിരെ കേരളത്തിലെ ബിജെപി നേതൃത്വം രംഗത്തുവരാത്തതിലുള്ള പ്രതിഷേധവും ചില പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അമിത് ഷാ കേരളത്തില്‍ സന്ദര്‍ശം നടത്തുന്നുണ്ട്. ഇതിനു മുന്‍പായി സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കും എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ സംസ്ഥാന ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞു എന്നുമാണ് നേതാക്കള്‍ പറയുന്നത്.