വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും: ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

single-img
29 June 2018

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ അന്വേഷണം നടത്തണമെന്ന് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ വിഷയത്തില്‍ ഇടപെട്ട ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയോട് വിശദീകരണവും തേടിയിരുന്നു.

നിലവില്‍ വൈദികര്‍ക്കെതിരേ യുവതിയുടെ പരാതിയില്ല. ഇവരുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതി മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. എന്നാല്‍, ഇതിന്മേല്‍ കേസ് അന്വേഷണം സാധ്യമല്ലെന്നാണ് പോലീസ് മുമ്പ് നല്‍കിയിരുന്ന വിശദീകരണം. ഇരയായ സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുത്ത് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചിരുന്നു.

പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുള്ളതായിരുന്നു വി.എസിന്റെ കത്തിന്റെ ഉള്ളടക്കം. ഇത് സംസ്ഥാന പോലീസിനെ നോക്കുകുത്തിയാക്കുന്ന പ്രവണതയാണെന്നും മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, കേസന്വേഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ ഒന്നും ചുമതലപ്പെടുത്തിയിട്ടില്ല. ക്രൈം ബ്രാഞ്ച് ഡിജിപി തീരുമാനിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനായിരിക്കും കേസന്വേഷിക്കുകയെന്നാണ് സൂചന. അതേസമയം വൈദികര്‍ക്കതിരായ ലൈംഗിക ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ.

പരാതിക്കാര്‍ നിയമനടപടി സ്വീകരിക്കുന്നതിനെ പിന്തുണച്ച സഭ നേതൃത്വം അന്വേഷണവും ഊര്‍ജിതമാക്കി. ഓഗസ്റ്റ് ആദ്യ വാരത്തോടെ സഭാ അധ്യക്ഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകീര്‍ത്തിപരമായ പരാമര്‍ശം ഇനിയും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.

സഭയിലെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളില്‍പ്പെട്ട അഞ്ച് വൈദികര്‍ക്കെതിരെയാണ് ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുള്ളത്. കുമ്പസാരരഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി തന്റെ ഭാര്യയെ ചൂഷണം ചെയ്‌തെന്ന് ആനിക്കാട് സ്വദേശിയാണ് ആരോപണം ഉന്നയിച്ചത്.

മെയ് മാസം സഭയ്ക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വൈദികരെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു. വൈദികര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷനെയും സഭ നിയോഗിച്ചു. ഇതോടൊപ്പമാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി സഭ വ്യക്തമാക്കിയത്.

ആരോപണങ്ങള്‍ സഭയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് സഭ നേതൃത്വം ഉറപ്പ് നല്‍കുന്നു. അതേസമയം, ഇതു സംബന്ധിച്ചു യുവതി എവിടെയും പരാതി നല്‍കിയിട്ടില്ല.