ജസ്‌ന എവിടെ? ഉത്തരമില്ലാതെ പൊലീസ്: ജസ്‌നയെ കാണാതായിട്ട് ഇന്ന് നൂറാംദിനം

single-img
29 June 2018

 

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്‌ന മരിയം ജെയിംസ് എന്ന വിദ്യാര്‍ഥിനിയെ കാണാതായിട്ട് ഇന്ന് നൂറുദിവസം. കൊല്ലമുളയിലെ വീട്ടില്‍ പിതാവ് ജയിംസും സഹോദരങ്ങളായ ജെഫിയും ജെയ്‌സും ജെസ്‌നയുടെ വരവിനായി കാത്തിരിക്കുകയാണ്.

മാര്‍ച്ച് 22നാണ് ജസ്‌നാ ജയിംസിനെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്. അന്വേഷണം നൂറാം ദിനത്തിലെത്തി നില്‍ക്കുമ്പോഴും ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു വിവരവും പൊലീസിന് ലഭ്യമായിട്ടില്ല. ആദ്യം വെച്ചൂച്ചിറ പൊലീസും പിന്നീടു പെരുനാട് സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ സംഘവും അന്വേഷിച്ചെങ്കിലും തുമ്പില്ലാതെ മടങ്ങി.

തിരോധാനം നിയമസഭയില്‍ ഉപക്ഷേപമായെത്തിയപ്പോള്‍ അന്വേഷണ ചുമതല തിരുവല്ല ഡിവൈഎസ്പിക്കു നല്‍കി. അന്വേഷണ സംഘം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എഡിജിപി ബി.സന്ധ്യയ്ക്കു ചുമതല നല്‍കാനും ധാരണയായി.

പക്ഷേ, കാര്യങ്ങള്‍ വേണ്ടവിധം മുന്നോട്ടു നീങ്ങിയില്ല. ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞു. ജെസ്‌നയെ കണ്ടെത്താനുള്ള സാധ്യതകള്‍ വിദൂരതയിലേക്കു നീങ്ങി. എത്തും പിടിയും കിട്ടാതെ പൊലീസ് നാടു മുഴുവന്‍ ഓടുമ്പോള്‍ മറുഭാഗത്ത് സര്‍ക്കാര്‍ നിസ്സഹായരായി നിന്നു.

കോണ്‍ഗ്രസ് സമരം ഏറ്റെടുത്തു. ജെസ്‌നയുടെ കുടുംബത്തെ സമര വേദികളിലെത്തിച്ചു. അന്വേഷണം ഇപ്പോള്‍ ഐജി മനോജ് ഏബ്രഹാമിന്റെ കൈകളിലാണ്. സംഘം രൂപീകരിച്ചെങ്കിലും സംഘത്തലവന്‍ ഇതുവരെ അന്വേഷണത്തിന് നേരിട്ടിറങ്ങിയില്ല. ജില്ലാ പൊലീസ് മേധാവി ടി.നാരായണനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.

തിരുവല്ല ഡിവൈഎസ്പി അന്വേഷണ ഉദ്യോഗസ്ഥനായി തുടരുന്നു. ജെസ്‌നയെക്കുറിച്ച് എന്തെങ്കിലും ഒന്നു പറയാന്‍ പൊലീസ് അവസാനമായി ആവശ്യപ്പെട്ട രണ്ടാഴ്ച സമയം കഴിയാറായി. ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, സിബിഐ അന്വേഷണത്തിലേക്കു സര്‍ക്കാര്‍ കടക്കുമെന്നാണ് സൂചന.

സിബിഐ അന്വേഷണത്തിനായി സഹോദരന്‍ ജെയ്‌സും കെഎസ്‌യു പ്രസിഡന്റ് കെ.എം.അഭിജിത്തും കോടതിയിലുണ്ട്. പലയിടത്തും ജസ്‌നയെ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, അതൊന്നും ജസ്‌നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ പൊലീസിനായിട്ടുള്ളു.

കേസില്‍ 250 പേരെ ചോദ്യംചെയ്തു. 130 പേരുടെ മൊഴിയെടുത്തു. ഒരുലക്ഷത്തോളം ഫോണ്‍വിളികള്‍ പരിശോധിച്ചു. വിദ്യാര്‍ഥിനിയുമായും കുടുംബവുമായും അടുപ്പമുള്ള എല്ലാവരെയും വിളിച്ച് പലവട്ടംമൊഴിയെടുത്തു. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തി. അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നാലെ വ്യക്തതയില്ലാതെ പായുകയാണ് അന്വേഷണ സംഘം.