അസാധാരണമായൊരു ‘മിന്നല്‍’ ചിത്രം

single-img
28 June 2018

ഇടിമിന്നല്‍ വന്നാല്‍ ഏറ്റവും സുരക്ഷിതമായ ഒരിടം കണ്ടെത്തി ഇരിക്കാനാണ് ഭൂരിഭാഗം പേരും ശ്രമിക്കുക. എന്നാല്‍ മിന്നല്‍ കണ്ടാല്‍ ക്യാമറയുമെടുത്ത് ചാടിയിറങ്ങുന്ന ആളുകളും ഉണ്ട്. അക്കൂട്ടത്തില്‍ ഒരാളെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെയും ഒപ്പം കാലാവസ്ഥാ വിദഗ്ധരുടെയും ചര്‍ച്ചാവിഷയം.

റുമേനിയയുടെ തലസ്ഥാനമായ ബുഷാറെസ്റ്റ് നഗരത്തിനു മുകളില്‍ ഇടിമിന്നലുണ്ടായപ്പോള്‍ എടുത്ത ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നഗരത്തെ ഇടിമിന്നല്‍ പൂര്‍ണമായും മൂടിയത് പോലെയൊരു കാഴ്ചയായിരുന്നു അത്. ഒക്ടേവ് ഡ്രേഗന്‍ എന്ന ഫൊട്ടോഗ്രാഫാറായിരുന്നു ആ ചിത്രം പകര്‍ത്തിയത്.

ആകാശത്ത് ഒരല്‍പം പോലും സ്ഥലം ബാക്കി വയ്ക്കാതെ മിന്നല്‍ പുളഞ്ഞിറങ്ങുന്ന അസാധാരണ കാഴ്ചയായിരുന്നു അത്. ഇത്തരമൊരു ചിത്രം ഒറ്റയടിക്ക് ഫ്രെയിമില്‍ പതിഞ്ഞതല്ല. പല ചിത്രങ്ങള്‍ ചേര്‍ത്താണ് ഈ നാല്‍പത്തയഞ്ചുകാരന്‍ ‘മിന്നല്‍മഴ’ സൃഷ്ടിച്ചത്.

2018 ജൂണ്‍ 13നു ബുഷാറെസ്റ്റിലുണ്ടായ തണ്ടര്‍‌സ്റ്റോമാണ് ഒക്ടേവിന് ഇത്തരമൊരു സുവര്‍ണാവരം ഒരുക്കിയത്. മിന്നലിന്റെ ടൈംലാപ്‌സ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇദ്ദേഹം ചെയ്തത്. ആകാശത്ത് ഒരു നിശ്ചിത സ്ഥാനത്ത് 30 സെക്കന്‍ഡ് നേരത്തേക്കുണ്ടാകുന്ന മിന്നലുകളായിരുന്നു ടൈംലാപ്‌സ് ചിത്രമാക്കി മാറ്റിയത്.

അങ്ങനെ ആകാശം ഒരു ക്യാന്‍വാസിന് സമാനമാക്കി. ആകാശത്തെ ഓരോ പോയിന്റിലും പുളഞ്ഞിറങ്ങിയ മിന്നലുകള്‍ പകര്‍ത്തി. അങ്ങനെ ലഭിച്ച മിന്നല്‍ ചിത്രങ്ങളുടെ 24 ഫ്രെയിമുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒക്ടേവ് ഈ ചിത്രം ഒരുക്കിയത്.