നടന്‍ തിലകന്‍ മോഹന്‍ലാലിന് അയച്ച ആ പഴയ കത്ത് പുറത്ത്: ‘അമ്മ’യില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്ക്

single-img
27 June 2018

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ മലയാള സിനിമാ സംഘടനകളില്‍ ഉരുത്തിരിഞ്ഞ പ്രതിസന്ധി വലിയ പൊട്ടിത്തെറിയിലേക്ക്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നാല് യുവനടിമാര്‍ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു.

ആക്രമിക്കപ്പെട്ട നടി, റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിക്കത്ത് നല്‍കിയത്. അമ്മയ്‌ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്.

നാലുപേരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. അതിനിടെ എട്ട് വര്‍ഷം മുമ്പ് അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്താണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അച്ചടക്ക സമിതിയില്‍ ഹാജരാകാതിരുന്ന തന്റെ വിശദീകരണം കേള്‍ക്കാതെ തന്നെ ഏകപക്ഷീയമായി പുറത്താക്കിയത് തിലകന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ദിലീപിനെ തിരിച്ചെടുത്ത ‘അമ്മ’ തിലകനോട് ക്രൂരത കാട്ടിയെന്ന് കത്ത് കാണിച്ചുകൊണ്ട് തിലകന്റെ മകള്‍ സോണിയ ആരോപിച്ചു. വിശദീകരണം ചോദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കേസ് പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തപ്പോള്‍ അതേ പരിഗണന തന്റെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ചില്ലെന്നും സോണിയ വ്യക്തമാക്കി. അമ്മയുടെ ഭരണഘടനയില്‍ രണ്ടംഗങ്ങള്‍ക്ക് രണ്ട് നിയമമാണ്.

കുറ്റാരോപിതനായ നടനുണ്ടായതിനേക്കാള്‍ വലുതാണ് നടിയുടെ വേദന. നടിയുടെ വേദന ‘അമ്മ’ കാണുന്നില്ലെന്നും സോണിയ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി സംവിധായകന്‍ ആഷിഖ് അബു കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

‘അമ്മ’ മുമ്പ് വിലക്കേര്‍പ്പെടുത്തിയ നടന്‍ തിലകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ലെന്നും സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞ കുറ്റത്തിന് ‘മരണം’ വരെ സിനിമാ തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തു നിര്‍ത്തിയ തിലകന് ‘അമ്മ’ മാപ്പ് നല്‍കും എന്ന് പ്രതീക്ഷിക്കുന്നതായും ആഷിഖ അബു ഫേസ്ബുക്കിലൂടെ പരിഹസിച്ചിരുന്നു.