കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധ പദയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നും: അമ്പരന്ന് ബിജെപി നേതാക്കള്‍

single-img
26 June 2018

വടക്കന്‍ ഗുജറാത്തില്‍ നിന്നും ആരംഭിച്ച ഇന്ത്യ-പാക് സമാധാനപദയാത്രയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദ ബെന്നും രംഗത്ത്. പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്ന സാഹചര്യത്തിലാണ് സമാധാനപദയാത്രയുമായി യെശോദ ബെന്‍ എത്തിയിരിക്കുന്നത്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദയാത്ര. ജൂണ്‍ 19 ന് അഹമ്മദാബാദില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. ജൂണ്‍ 29 ന് അതിര്‍ത്തിക്ക് സമീപം ബനാസ്‌കന്ത ജില്ലയില്‍ അവസാനിക്കും.

പദന്‍ ജില്ലയിലൂടെ പദയാത്ര കടന്നുപോകുമ്പോള്‍ ആ നിരയില്‍ യശോദ ബെന്നുമുണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള വൈര്യം മറന്ന് സമാധാനം പാലിക്കണമെന്ന സദുദ്ദേശത്തോടെയാണ് പദയാത്ര നടത്തുന്നത്. കൗസര്‍ അലി സയ്യദാണ് പദയാത്രക്ക് പിന്തുണ തേടി യശോദയെ സമീപിച്ചത്.

തങ്ങളുടെ ഉദ്ദേശം അറിഞ്ഞതോടെ തന്നെ യശോദ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നുവെന്ന് സയ്യദ് പറഞ്ഞു. യശോദ ബെന്നും സഹോദരന്‍ അശോക് മോദിയും പദയാത്രയില്‍ അണിനിരക്കും. ഇന്ത്യന്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണമെന്നും യുദ്ധാന്തരീക്ഷം വഴിമാറണമെന്നും യശോദ പറഞ്ഞു.

യുദ്ധമല്ല, നമുക്ക് ആവശ്യം സമാധാനമാണെന്നും യശോദ പറയുന്നു. അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇപ്പോള്‍ നമ്മുടെ സൈനികരെ കൊലക്കു കൊടുക്കുകയാണ് ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോദി സര്‍ക്കാരിന്റെ പാക് വിരുദ്ധ നിലപാടുകള്‍ ബിജെപി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതാണെന്ന് റാലിയില്‍ പങ്കെടുക്കുന്നവര്‍ പറഞ്ഞു.

ഇതിനെ യശോദയും പിന്താങ്ങുന്നുണ്ട്. കേന്ദ്രത്തിന്റെ പാക് വിരുദ്ധ നിലപാടുകള്‍ അംഗീകരിക്കാനാവില്ല. പല പദ്ധതികളും ജനവിരുദ്ധമാണെന്നും യശോദ പറഞ്ഞതായി പദയാത്രയുടെ സംഘാടകനായ സന്ദീപ് പാണ്ഡെ പറഞ്ഞു.