ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയായി ശോഭനാ ജോര്‍ജ് ചുമതലയേറ്റു

single-img
25 June 2018

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സനായി മുന്‍ എം.എല്‍.എ ശോഭന ജോര്‍ജ് ചുമതലയേറ്റു. ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ യുവജനങ്ങളാണ് മുന്നോട്ട് വരേണ്ടതെന്ന് ശോഭനാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ മുതിര്‍ന്ന ആളുകളാണ് പ്രധാനമായും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. ഖാദിയുമായി ബന്ധപ്പെട്ട് കൂടുതലും പ്രവര്‍ത്തിക്കുന്നത് സ്ത്രീകളും പാവപ്പെട്ടവരുമാണ്.

അതുകൊണ്ട് തന്നെ യുവജനങ്ങള്‍ ഖാദിയെ കൂടുതലും ഏറ്റെടുക്കണമെന്നും അങ്ങനെ ഈ രംഗത്തെ പരിപോഷിപ്പിക്കണമെന്നും ശോഭനാ ജോര്‍ജ് ആവശ്യപ്പെട്ടു. ലാഭേച്ചയോടെയല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഖാദി ബോര്‍ഡ്. തന്നെ സംബന്ധിച്ചിടത്തോളം സാധാരണ ജനങ്ങളുമായി കൂടുതല്‍ ഇടപെടാന്‍ ഖാദിബോര്‍ഡ് സഹായിക്കുമെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം.വി. ബാലകൃഷ്ണന്‍ ഉപാദ്ധ്യക്ഷ പദവി രാജിവച്ചതോടെയാണ് ശോഭനാ ജോര്‍ജിനെ സിപിഎം ഖാദി ബോര്‍ഡ് ഉപാദ്ധ്യക്ഷയാക്കി നിയമിച്ചത്.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങിയ ശോഭന ജോര്‍ജിനുള്ള സിപിഎമ്മിന്റെ സമ്മാനമാണ് പുതിയ പദവി. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് മൂന്നു ടേമുകളിലായി 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതസ്ഥാനാര്‍ഥിയായി രംഗത്തെത്തിയ ശോഭന കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണത്തിനിറങ്ങി. 2016 ല്‍ ശോഭനയെ വിമതയായി രംഗത്തിറക്കിയതും സിപിഎം ആണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഫലത്തില്‍, രണ്ടു തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനെ സഹായിച്ചതിനുള്ള പ്രത്യുപകാരമാണു ശോഭന ജോര്‍ജിനുള്ള പുതിയ പദവി.