ഭൂമിയേക്കാള്‍ 27 ഇരട്ടി ഭാരവും ആറിരട്ടി വലിപ്പവുമുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യ

single-img
25 June 2018

ഭൂമിയേക്കാള്‍ 27 ഇരട്ടി ഭാരവും ആറിരട്ടി വലിപ്പവുമുള്ള ഗ്രഹത്തെ കണ്ടെത്തി ഇന്ത്യ. ഇതോടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയിലെ പ്രൊഫ. അഭിജിത്ത് ചക്രവര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ നേട്ടം കൈവരിച്ചത്.

അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്‌ട്രോണമിക്കല്‍ ജേണലില്‍ ഈ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നെപ്റ്റിയൂണിനേക്കാള്‍ വലുതും ശനിയേക്കാള്‍ ചെറുതുമായ ഗ്രഹമാണ് കണ്ടെത്തിയിരിക്കുന്നത്. സൂര്യന് സമാനമായ ഒരു നക്ഷത്രത്തിന് ചുറ്റുമാണ് ഇത് കറങ്ങുന്നത്.

കണ്ടെത്തിയ ഗ്രഹം EPIC 211945201യ അല്ലെങ്കില്‍ K2-236b എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വ്യക്തമാക്കി. തദ്ദേശീയമായി നിര്‍മ്മിച്ച PARAS (PRL Advance Radial-veloctiy Abu-sky Search) സ്‌പെക്ട്രോഗ്രാഫും 1.2 ടെലസ്‌കോപും ഉപയോഗിച്ചാണ് ഗ്രഹത്തെ കണ്ടെത്തി ഭാരവും വലിപ്പവും നിര്‍ണ്ണയിച്ചത്. മൗണ്ട് അബുവിലുള്ള ഗുരുശിഖര്‍ വാന നിരീക്ഷണ കേന്ദ്രത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.