ഈ മുപ്പതുലക്ഷം വീടുകള്‍ കടലെടുക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്

single-img
23 June 2018

യുഎസിലെ തീരദേശമേഖലയില്‍ വസിക്കുന്നവരുടെ വീടുകള്‍ കടലെടുക്കുമെന്നാണ് ഗവേഷകരുടെ നിഗമനം. ആഗോള താപനം മൂലം കടല്‍നിരപ്പ് ഉയരുന്നതോടെ തീരദേശമേഖലകള്‍ കടലെടുക്കുകയും ഒരു കോടിയോളം പേര്‍ക്ക് കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം മുപ്പത്‌ലക്ഷം വീടുകള്‍ കടലെടുക്കുമെന്നാണ് ഗവേഷകരുടെ അനുമാനം. ആഗോളതലത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കാര്യമായ കുറവുണ്ടാകാത്തപക്ഷം ഈ ദുരന്തത്തെ തടയാനാകില്ല. ഗവേഷകരുടെ നിഗമനത്തിനനുസരിച്ച് ദുരന്തമുണ്ടാവുകയാണെങ്കില്‍ ഏകദേശം 12,000 ഡോളറിന്റെ നാശനഷ്ടമുണ്ടാകും.

അമേരിക്ക നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ സാമ്പത്തിക ദുരന്തത്തിന് രാജ്യം തയ്യാറെടുക്കണമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു. കാലാവസ്ഥ ഗവേഷകരുടെ രാജ്യാന്തര സംഘടനയായ യൂണിയന്‍ ഓഫ് കണ്‍സേണ്‍ഡ് സയന്റിസ്റ്റിലെ അംഗങ്ങളാണ് ഇത്തരമൊരു ദുരന്തം നടക്കാനുള്ള സാധ്യത വെളിപ്പെടുത്തിയത്.

യുഎസിന്റെ തീരദേശത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ പഠനം നടത്തിയത്. സമാനമായ ദുരന്തം ലോകത്തിന്റെ ഭൂരിഭാഗം തീരദേശത്തും സംഭവിക്കാം. ചെറിയ ദ്വീപ് രാഷ്ട്രങ്ങള്‍ പലതും ഇപ്പോള്‍ തന്നെ സമാനമായ ഭീഷണി നേരിടുന്നുണ്ട്. മാര്‍ഷല്‍ ദ്വീപുകളും മാലി ദ്വീപും ബംഗ്ലാദേശിലെ ദ്വീപുകളും ഇതിലുള്‍പ്പെടും. ഇതുവരെ പരിഹാരം കണ്ടെത്താനാകാത്ത ദുരന്തമായാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്.