‘ഈ പന്നികള്‍ ഇതാണ് മദ്രസയില്‍ പഠിപ്പിക്കുന്നത്’: വീണ്ടും വര്‍ഗീയ പ്രചരണവുമായി സംഘപരിവാര്‍; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

single-img
23 June 2018

ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലെ മദ്രസയിലെ ഫോട്ടോ ഉപയോഗിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ പുതിയ വര്‍ഗീയ പ്രചരണം ആരംഭിച്ചിരിക്കുന്നത്. മദ്രസ അധ്യാപകന്‍ ഇസ്‌ലാം മതം മറ്റു മതങ്ങളേക്കാള്‍ മികച്ചതാണെന്നു പഠിപ്പിക്കുന്നു എന്നായിരുന്നു സംഘപരിവാറിന്റെ പ്രചരണം.

മദ്രസ അധ്യാപകന്‍ ഹിന്ദു മതത്തിന് 0 മാര്‍ക്കും ഇസ്‌ലാം മതത്തിന് 3 മാര്‍ക്കും നല്‍കികൊണ്ട് ബോര്‍ഡിലെഴുതിയെന്ന തരത്തിലുള്ള വ്യാജ ചിത്രമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ‘ ഈ പന്നികള്‍ ഇതാണ് മദ്രസയില്‍ പഠിപ്പിക്കുന്നത്’ എന്ന അടികുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്.

എന്നാല്‍ സംസ്‌കൃതം, ഇംഗ്ലീഷ്, അറബി തുടങ്ങിയവ പഠിപ്പിക്കുന്ന ഈ മദ്രസയെ കുറിച്ച് നേരത്തെ എ.എന്‍.ഐ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് കൊണ്ടാണ് സംഘപരിവാര്‍ അനുകൂലികള്‍ വര്‍ഗീയ പ്രചരണത്തിനായി ഉപയോഗിച്ചത്.

28 ലക്ഷത്തോളം പേരുള്ള വീ സപ്പോര്‍ട്ട് നരേന്ദ്രമോദി എന്ന പേജിലൂടെയാണ് പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് നിരവധി സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളിലും ട്വിറ്ററിലും ചിത്രം വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇത് വ്യാജചിത്രമാണെന്നും സംഘപരിവാറിന്റെ വ്യാജപ്രചരണമാണെന്നും സോഷ്യല്‍ മീഡിയ വെളിപ്പെടുത്തിയിട്ടും ഇപ്പോഴും വ്യാപകമായി ചിത്രം പ്രചരിക്കുന്നുണ്ട്.