‘വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാന്‍ പോകും മുമ്പ് സ്വന്തം ആചാര്യന്‍ എഴുതിവെച്ചിരിക്കുന്നതെങ്കിലും വായിക്കൂ’: ആര്‍എസ്എസ് ഒളിക്യാമറാ സൈബര്‍ ആക്രമണത്തെ പൊളിച്ചടുക്കി അഭിലാഷ് മോഹനന്‍

single-img
23 June 2018

ആർ എസ് എസിന്റെ സ്വാന്തന്ത്ര്യ സമരത്തിലെ പങ്കാളിത്തം: അഭിലാഷ് മോഹനൻ കള്ളം പറഞ്ഞോ ?

ആർഎസ്എസിന്റെ സ്വാന്തന്ത്ര്യ സമരത്തിലെ പങ്കാളിത്തം: അഭിലാഷ് മോഹനൻ കള്ളം പറഞ്ഞോ ?

Posted by Reporter Live on Saturday, June 23, 2018

സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ പിന്തിരിപ്പിച്ചതിന്റെ തെളിവ് നിരത്തി ആര്‍എസ്എസ് സൈബര്‍ പ്രചാരണത്തിന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. കഴിഞ്ഞ ദിവസത്തെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവ് ശിവശങ്കരനോടുള്ള പ്രതികരണമായി ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയതായി പറഞ്ഞിരുന്നു.

രണ്ടാം സര്‍സംഘ് ചാലക് മാധവ സദാശിവ ഗോള്‍വാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു പരാമര്‍ശം. എന്നാല്‍ പരാമര്‍ശത്തെ ബിജെപി നേതാവ് ശിവശങ്കരന്‍ ആ ചര്‍ച്ചയില്‍ തന്നെ ആദ്യം വെല്ലുവിളിച്ചു. ഇത് തെളിയിച്ചാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഈ വെല്ലുവിളിക്കിടയില്‍ തന്നെ അഭിലാഷ് മോഹനന്‍ ഇതിന്റെ തെളിവ് കാണിച്ചു. എന്നാല്‍ അത് ശിവശങ്കരന്‍ തള്ളിക്കളഞ്ഞു. ഇത് പുസ്തകത്തിലെ ഭാഗമല്ലെന്നായിരുന്നു ശിവശങ്കരന്റെ വാദം. ഇതിന്റെ തുടര്‍ച്ചയായി തൊട്ടടുത്ത ദിവസം ശിവശങ്കരന്‍ അഭിലാഷിനെ നേരിട്ട് കണ്ട് പറഞ്ഞതൊന്നും വസ്തുതയല്ലെന്ന് ആവര്‍ത്തിച്ചു.

ഒരിക്കല്‍ കൂടി പരിശോധിക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നുവെന്ന് അഭിലാഷ് മോഹനന്‍ പറഞ്ഞു. എന്നാല്‍ ബിജെപി നേതാവ് ശിവശങ്കരനൊപ്പമെത്തിയ സഹായി ഈ സംഭാഷണം ഒളിക്യാമറയില്‍ പകര്‍ത്തി.

ഇത് പുറത്തുവിട്ട് അവതാരകന്റെ കള്ളം പൊളിച്ചു എന്നതരത്തിലായി പിന്നീട് ആര്‍എസ്എസ് സൈബര്‍ പ്രചാരണം. ‘ബിജെപി നേതാവിന്റെ വായടപ്പിക്കാന്‍ ചര്‍ച്ചയില്‍ പറഞ്ഞതെല്ലാം ശുദ്ധനുണ’ എന്ന പേരില്‍ ഫെയ്‌സ്ബുക്കിലും ആര്‍എസ്എസ് പ്രചാരണം ശക്തമായി.

ഇതോടെ താന്‍ പറഞ്ഞത് ചരിത്രവസ്തുതയാണെന്നും ഉദ്ധരിച്ച പുസ്തകവും ചൂണ്ടികാണിച്ച് ആര്‍എസ്എസ് പ്രചാരണത്തിന് അഭിലാഷ് ഫെയ്‌സ്ബുക്കില്‍ മറുപടി നല്‍കി. ഉദ്ധരിച്ച പുസ്തകത്തിന്റെ പകര്‍പ്പും ഇട്ടു. സംഘപരിവാര്‍ പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍സിന്റെ അയോദ്ധ്യപ്രിന്റേഴ്‌സ് അച്ചടിച്ച ‘ശ്രീഗുരുജീസാഹിത്യസര്‍വസ്വം’ എന്ന പുസ്തകത്തിലെ ഭാഗമാണ് അഭിലാഷ് തെളിവായി പുറത്തുവിട്ടത്. മലയാള പരിഭാഷയ്ക്ക് പുറമെ ഇതിന്റെ ഹിന്ദിപതിപ്പും അഭിലാഷ് പോസ്റ്റ് ചെയ്തു.