സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല; മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍

single-img
23 June 2018

സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണ്ടതുപോലെ ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്. പ്രധാനമന്ത്രി മോദിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്.

ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷം ജനക്ഷേമവും സമാധാനവും ഉറപ്പാക്കുന്ന ഭരണം കാഴ്ചവയ്ക്കാനായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് നീതിയുക്തമായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം.

അടിസ്ഥാന വികസനം സാധ്യമാകണമെങ്കില്‍ കൃഷി, വ്യവസായം എന്നീ മേഖലകള്‍ വികസിക്കണം. അതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇത് സാധ്യമാകണമെങ്കില്‍ പശ്ചാത്തല സൗകര്യ വികസനം നടപ്പാക്കേണ്ടതുണ്ട്. ഗതാഗത സൗകര്യം ഉറപ്പാക്കുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം.

ഇതിന്റെ ഭാഗമായി റോഡ്, ജല ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിന് പുറമെ, വിഴിഞ്ഞം തുറമുഖം 2020ഓടെ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിശിക്കുന്നത്.

ഇത്തരത്തില്‍ പശ്ചാത്തല വികസനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സുരേഷ് പ്രഭുവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു. വിദേശ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ കണ്ണൂരില്‍ ഇറങ്ങുന്നത് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുമെന്നും വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.