അമേരിക്കയില്‍ നിന്നും 1000 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ; 5 ബില്യന്‍ ഡോളറിന്റെ പ്രതിവര്‍ഷ ഇടപാട്

single-img
23 June 2018

ന്യൂഡല്‍ഹി: അമേരിക്കയുമായി വിവിധ രാജ്യങ്ങള്‍ വ്യാപാര യുദ്ധം തുടരുന്നതിനിടെ അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ യു.എസില്‍ നിന്നും 1000 വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ. സിവിലിയന്‍ എയര്‍ക്രാഫ്റ്റ് വിഭാഗത്തിലുള്ള വിമാനങ്ങള്‍ വാങ്ങുന്നതിനാണ് ധാരണയായിരിക്കുന്നത്.

ഒപ്പം പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി സുരേഷ്പ്രഭു അറിയിച്ചു. പ്രതിരോധ ആവശ്യങ്ങള്‍ക്ക് പുറമേയാണ് സിവിലിയന്‍ വിമാന ഇടപാട്. പ്രതിരോധ ആവശ്യത്തിനായി കര നിരീക്ഷണ വിമാനമായ പി8എ 2 എണ്ണം കൂടി വാങ്ങാനും ഇന്ത്യ ആലോചിക്കുന്നുണ്ട്.

വിമാനം വാങ്ങുന്നതിനായി പ്രതിവര്‍ഷം അഞ്ച് ബില്ല്യന്‍ ഡോളറും പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി നാല് ബില്ല്യന്‍ ഡോളറും നല്‍കേണ്ടി വരുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. നിലവില്‍ തുടരുന്ന വ്യാപാര യുദ്ധത്തെകുറിച്ച് യു.എസ് വ്യാപാര പ്രതിനിധി മാര്‍ക്ക് ലിന്‍കോട്ടുമായി ഞായറാഴ്ച ചര്‍ച്ച നടത്തും. ലോക വ്യാപാര സംഘടനയുടെ മാനദണ്ം അനുസരിച്ചാണ് യു.എസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നികുതി ചുമത്താന്‍ തീരുമാനിച്ചതെന്ന് ചര്‍ച്ചയില്‍ ഇന്ത്യ ബോധ്യപ്പെടുത്തും.