ഈ വീട് വിറ്റുപോയാല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അതൊരു ചരിത്രമാകും

single-img
23 June 2018

ആഡംബര വീടുകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ പണികഴിപ്പിച്ച ലക്ഷണമൊത്ത ആഡംബര വീടാണിത്. ദക്ഷിണ ഫ്രാന്‍സിലുള്ള വില്ല സെഡ്രിസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 187 വര്‍ഷം പഴക്കമുള്ള ഈ ബംഗ്ലാവ് 35 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 1830ല്‍ ബെല്‍ജിയന്‍ രാജകുടുബത്തിനായാണ് ഈ ബംഗ്ലാവ് പണിതുയര്‍ത്തിയത്.

18,000 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച ബംഗ്ലാവില്‍ 14 കിടപ്പുമുറികള്‍, വിശാലമായ സ്വിമ്മിംഗ്പൂള്‍, 3000ലേറെ പുസ്തകങ്ങളുള്ള ലൈബ്രറി, 30 കുതിരകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലയം എന്നിവയാണ് പ്രത്യേകതകള്‍. വിശിഷ്ടമായ ഓക്ക് മരത്തിലാണ് അകത്തളങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഷാന്റിലിയറുകളും, 19ാം നൂറ്റാണ്ടിലെ വിഖ്യാത ചിത്രങ്ങളും ഈ ബംഗ്ലാവിനെ ആകര്‍ഷണീയമാക്കുന്നു.

410 മില്യണ്‍ ഡോളറിനാണ് ബംഗ്ലാവ് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 2780 കോടി രൂപ. വില്ല സെഡ്രിസിനേക്കാള്‍ മൂല്യമുള്ള ഒരുപാട് ആഡംബരവസതികള്‍ ലോകത്തുണ്ടെങ്കിലും നിലവില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഏറ്റവും വിലയേറിയ വീടെന്ന വിശേഷണം സെഡ്രിസിന് തന്നെയാണ്.

ഇറ്റലി ഫ്രാന്‍സ് രാജ്യങ്ങളെ വേര്‍തിരിക്കുന്ന ആല്‍പ്‌സ് മലനിരകളുടെ മനോഹരക്കാഴ്ച്ചകള്‍ ആസ്വദിക്കാമെന്ന പ്രത്യേകതയും ഇവിടെയുണ്ട്. രാജകീയ പാരമ്പര്യവും, സ്ഥിതി ചെയ്യുന്ന ഇടവും, മറ്റ് ആഡംബര സൗകര്യങ്ങളും കണക്കിലെടുത്താല്‍ വില്ല സെഡ്രിസിന്റെ വില നീതികരിക്കാന്‍ കഴിയുന്നതാണെന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. 2017ല്‍ ലിസ്റ്റ് ചെയ്ത ഈ വസ്തു വിറ്റുപോയാല്‍ റിയല്‍ എസ്‌റ്റേററ് രംഗത്ത് അതൊരു ചരിത്രമാകുമെന്നത് തീര്‍ച്ച.