‘പിള്ളേരെ പേടിച്ച് ജീവിക്കേണ്ട ആവശ്യമില്ല’; അധ്യാപകര്‍ വിദ്യാര്‍ഥികളെ അടിക്കുന്നത് ഒരിക്കലും ആത്മഹത്യാ പ്രേരണാക്കുറ്റമായി കാണാനാവില്ലെന്ന് ഹൈക്കോടതി

single-img
23 June 2018

ഭോപ്പാല്‍: അധ്യാപകര്‍ വിദ്യാര്‍ഥികളെ അടിക്കുന്നത് ഒരിക്കലും ആത്മഹത്യാ പ്രേരണാക്കുറ്റമായി കാണാനാവില്ലെന്ന് ഹൈക്കോടതി. മധ്യപ്രദേശ് ഹൈക്കോടതിയാണ് സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അധ്യാപകര്‍ കുട്ടികളെ ശാസിക്കുന്നത് ക്രിമിനല്‍ കുറ്റമല്ല.

വീടുവിട്ട് സ്‌കൂളിലേയ്ക്ക് പോകുന്നത് വിദ്യയ്‌ക്കൊപ്പം നല്ല സ്വഭാവവും ശീലങ്ങളും ലഭിക്കാന്‍ കൂടിയാണ്. അനുസരണക്കേട് കാണിച്ചാല്‍ ഗുരു തിരുത്തും. സ്വന്തം മക്കളെപ്പോലെ കണ്ട് ചിലപ്പോള്‍ ശാസിക്കും. അതിന് ആത്മഹത്യ ചെയ്യാന്‍ നിന്നാല്‍ എങ്ങനെ ശരിയാകും.

അധ്യാപകര്‍ ക്രൂരരാണെങ്കില്‍ അതിനെതിരെ പരാതി നല്‍കാന്‍ ഇപ്പോള്‍ സംവിധാനങ്ങളുമുണ്ട്’ കോടതി പറഞ്ഞു. പ്രിന്‍സിപ്പള്‍ വഴക്കു പറഞ്ഞെന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ പത്താം ക്ലാസുകാരിയായ കുട്ടി തൂങ്ങി മരിച്ചിരുന്നു. കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

അനുപ്പുര്‍ ജില്ലയിലെ കോട്മ സ്വദേശിനിയാണ് മരിച്ച പെണ്‍കുട്ടി. 2017 നവംബര്‍ 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ്സുകള്‍ അവസാനിക്കുന്നതിനു മുമ്പ് സ്‌കൂളിന് പുറത്ത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം കണ്ട പെണ്‍കുട്ടിയെ പ്രിന്‍സിപ്പല്‍ ആര്‍കെ മിശ്ര തല്ലിയിരുന്നു.

പിന്നീട് ബന്ധുക്കളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തിനുത്തരവാദിത്വം ചുമത്തി പ്രിന്‍സിപ്പലിനെതിരേ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പോലീസ് വിസ്സമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ മുമ്പില്‍ വെച്ച് മര്‍ദ്ദിച്ചതില്‍ മനം നൊന്താണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നായിരുന്നു ബന്ധുക്കളുടെ വാദം.

‘വടിയുപേക്ഷിച്ചാല്‍ കുട്ടികള്‍ വഴിതെറ്റും എന്ന പഴമൊഴിക്ക് ഇന്ന് പ്രസക്തിയില്ല. എന്ന് കരുതി സ്‌കൂളില്‍ നടക്കുന്ന അച്ചടക്ക ലംഘനങ്ങള്‍ അധ്യാപകര്‍ ഇരുകൈയ്യും കെട്ടി നോക്കി നില്‍ക്കണമെന്നല്ല അതര്‍ഥമാക്കുന്നത്. ആവശ്യം വരുമ്പോള്‍ ശാസനയിലൂടെയും ശിക്ഷയിലൂടെയും കുട്ടികളെ നേര്‍വഴിക്ക് കൊണ്ടു വരേണ്ട കടമ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നവര്‍ക്കുണ്ട്.

തടവില്‍ കഴിയുന്ന ഒരോ കുറ്റവാളിക്കും ശരിയായ വിദ്യാഭ്യാസം ലഭിക്കാത്ത ഒരു ഭൂതകാലമുണ്ട്. നൈതികത പുലര്‍ത്താത്ത, സ്വഭാവ മഹിമയില്ലാത്ത ബുദ്ധിവൈഭവം സമ്ബത്തല്ല; പകരം സമൂഹത്തിനും രാജ്യത്തിനും തന്നെ ബാധ്യതയാണത്. ഇതിന് വിദ്യാലയങ്ങള്‍ ഊന്നല്‍ നല്‍കണം’.ഇത്തരം ശിക്ഷകള്‍ കുട്ടികള്‍ക്ക് അഭിമാനക്ഷതമുണ്ടാക്കുമെന്നത് സത്യം തന്നെ. പക്ഷെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ഇത്തരം ശിക്ഷകള്‍ കൊണ്ട് തടയാനാവുമെന്നും കോടതി നിരീക്ഷിച്ചു.