‘വിവാഹം കഴിച്ചിട്ട് ഒരുമിച്ച് സഞ്ചരിച്ചാല്‍ മതി’; ബൈക്കില്‍ സഞ്ചരിച്ച കമിതാക്കളെ നാട്ടുകാര്‍ വലിച്ച് താഴെയിട്ട് മര്‍ദ്ദിച്ച് വിവാഹം കഴിപ്പിച്ചു

single-img
23 June 2018

ഒരുമിച്ച് ബൈക്കില്‍ സഞ്ചരിച്ച യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസിങ്. ഈ മാസം 19നാണ് സംഭവം ഉണ്ടായത്. അസമിലെ ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒരു കൂട്ടം ഗ്രാമീണര്‍ ഇവരെ വഴി തടയുകയും വാക്കേറ്റം നടത്തുകയും ചെയ്തു.

തുടര്‍ന്ന് കൂട്ടത്തില്‍ നിന്നും ഒരാള്‍ മുന്നോട്ട് വരികയും കയ്യില്‍ ഇരുന്ന മുളവടി ഉപയോഗിച്ച് യുവതിയെ മര്‍ദ്ദിക്കുകയുമായിരുന്നു. വിവാഹം ചെയ്തതിന് ശേഷം മതി ഒരുമിച്ച് ബൈക്കിലുള്ള സഞ്ചാരമെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിനൊടുവില്‍ ഗ്രാമീണര്‍ ചുറ്റും നിന്നുകൊണ്ട് ഇരുവരേയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നും ആക്രമിക്കപ്പെട്ട യുവാവിന്റെ സഹോദരന്‍ പറഞ്ഞു.

ഇവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഇവരെ ഭീഷണിപ്പെടുത്തിയത്. അക്രമത്തില്‍ രണ്ടു പേരെ പോലീസ് അറസറ്റ് ചെയ്തു. തെറ്റായ രീതിയില്‍ സ്പര്‍ശിക്കല്‍, മുറിവേല്‍പ്പിക്കല്‍, പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.