പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വഭാവം ദീപക്കിനുണ്ട്; പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ച് മുന്‍പും കൊണ്ടുവന്നിട്ടുണ്ട്; എസ്.ഐ ദീപക്കിനെതിരെ മുന്‍ വരാപ്പുഴ മജിസ്ട്രേറ്റിന്റെ മൊഴി
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്.ഐ ദീപക്കിനെതിരെ മുന്‍ വരാപ്പുഴ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന സ്വഭാവം ദീപക്കിനുണ്ടെന്നും മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതി രജിസ്റ്റാര്‍ക്ക് നല്കിയ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി.
ദീപക് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് ഇയാള്‍ തന്റെ മുമ്പില്‍ ഹാജരാക്കിയിരുന്നതെന്നും ഇതിന് താന്‍ മുമ്പ് ദീപക്കിനെ ശാസിച്ചിരുന്നെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതിയെ കാണാന്‍ മജിസ്ട്രേറ്റ് കൂട്ടാക്കിയില്ലെന്ന എസ്ഐ ദീപകിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം തേടിയത്.
ശ്രീജിത്തിനെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ് ഐ എത്തിയപ്പോള്‍ പ്രതിയെ കാണാതെ ഇത് സാധ്യമാവില്ലെന്നാണ് താന്‍ നിലപാടെടുത്തത്. ഈ സമയം ശ്രീജിത്ത് ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികില്‍സയിലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കിയതായും രജിസ്റ്റാര്‍ക്ക് നല്കിയ മൊഴിയില്‍ അദ്ദേഹം വ്യക്തമാക്കി.