അഞ്ച് സാമൂഹ്യ പ്രവര്‍ത്തകരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൂട്ട ബലാത്സംഗം ചെയ്തു

single-img
22 June 2018

 

മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഖുണ്ടി ജില്ലയിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്.

ചൊവ്വാഴ്ച ഉച്ചക്ക് റാഞ്ചിയില്‍ നിന്നും 50 കിലോ മീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം അരങ്ങേറിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ് നാടകം അവതരിപ്പിക്കാനായി എത്തിയതായിരുന്നു 11 അംഗ സംഘം. നാടകം അവതരിപ്പിക്കാനുള്ള അവസാന ഘട്ട ജോലികളില്‍ ഏര്‍പ്പെട്ട സമയത്ത് ബൈക്കുകളിലെത്തിയ ആയുധ ധാരികളായ സംഘം നാടക സംഘത്തിലുണ്ടായിരുന്ന യുവാക്കളെ മര്‍ദ്ദിച്ച് കീഴ്‌പ്പെടുത്തി, യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കടത്തിക്കൊണ്ടുപോവുകയായിരുന്നു.

മൂന്ന് മണിക്കുറുകള്‍ക്ക് ശേഷം അഞ്ച് പേരെ സമീപത്തുള്ള കാട്ടില്‍ ഇറക്കി വിടുകയും ചെയ്തു. അതേസമയം യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ വിട്ടിരുന്നു. ബലാത്സംഗം ചെയ്യുന്നതോടൊപ്പം ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിപ്പെടാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതികളെ വൈദ്യ പരിശോധനക്ക് വിധേയമാക്കി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിലരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ ജാര്‍ഖണ്ഡിലെ പതല്‍ഗഡി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് പോലീസ് കരുതുന്നത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ നിരാകരിക്കുന്ന ഈ കൂട്ടം തങ്ങളുടെ ഗ്രാമസഭയാണ് പരമാധികാരം എന്നു വിശ്വസിക്കുന്നവരാണ്.