ലോകകപ്പില്‍ മെസ്സിപ്പടയുടെ തോല്‍വിയില്‍ മനംനൊന്ത് കോട്ടയത്ത് യുവാവ് ആറ്റില്‍ച്ചാടി
കോട്ടയം: ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന തോറ്റതില്‍ മനംനൊന്ത് ആത്മഹത്യാക്കുറിപ്പെഴുതിവെച്ച് വീടുവിട്ട യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്നു. കടുത്ത അര്‍ജന്റീന ആരാധകനായ ബിനു അലക്സ് (30)എന്ന യുവാവിനെയാണ് അര്‍ജന്റീന കളി തോറ്റത് മുതല്‍ കാണാതായത്.
ലോകത്ത് ഇനി ഒന്നും കാണാനില്ല എന്നു എഴുതിയ ആത്മഹത്യാക്കുറിപ്പ് യുവാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിനുശേഷം ബിനു വളരെ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. രാത്രി മുഴുവന്‍ ഇയാള്‍ ബഹളം വെയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
മീനച്ചിലാറിനോട് ചേര്‍ന്നു കിടക്കുന്ന അറുമാനൂര്‍ എന്ന സ്ഥലത്താണ് ബിനുവിന്റെ വീട്. അതുകൊണ്ട് തന്നെ പുഴയില്‍ ചാടിയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇയാള്‍ പുഴയുടെ ഭാഗത്തേക്ക് പോയതായി കണ്ടെത്തിയിരുന്നു.
അര്‍ജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഐസ്ലാന്ഡിനോട് സമനില വഴങ്ങിയ മെസ്സിക്കും കൂട്ടര്‍ക്കും ക്രോയേഷ്യയുമായുള്ള രണ്ടാം മത്സരം നിര്‍ണ്ണായകമായിരുന്നു. രണ്ടാം മത്സരത്തില്‍ വലിയ മാര്‍ജിനില്‍ തോല്‍വി വഴങ്ങിയതോടെ അര്‍ജന്റീന ലോകകപ്പില്‍ മരണമുഖത്താണ്.