ഭരണം കുട്ടിക്കളിയല്ലെന്നു മോദി അറിയണം; കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനല്‍കില്ലെന്നും ശിവസേന: ബിജെപി ഒരു ഭീകരസംഘടനയാണെന്ന് മമത ബാനര്‍ജി

single-img
21 June 2018

കശ്മീരില്‍ പിഡിപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. കശ്മീരിലെ അത്യാഗ്രഹത്തിന് ബിജെപിക്കു ചരിത്രം മാപ്പുനല്‍കില്ലെന്നു പാര്‍ട്ടി മുഖപത്രമായ സാമ്‌ന മുഖപ്രസംഗത്തില്‍ പറയുന്നു. അതിര്‍ത്തിയിലെ ഭീകരവാദവും കലാപവും നിയന്ത്രിക്കാന്‍ ബിജെപി ഒന്നും ചെയ്തില്ല.

നോട്ട് നിരോധനത്തിനു ശേഷം അതിര്‍ത്തിയിലെ ഭീകരവാദം ആയിരമിരട്ടി വര്‍ധിച്ചു. പാക്കിസ്ഥാന്റെ ഇടപെടല്‍ പഴയതിലുമേറെയായി. യുദ്ധമില്ലാതെതന്നെ ഒട്ടേറെ സൈനികര്‍ കൊല്ലപ്പെട്ടു. താഴ്‌വരയില്‍ അരാജകത്വം പരത്തിയിട്ട് അവര്‍ അധികാരം കയ്യൊഴിഞ്ഞു.

അവസാനം എല്ലാ കുറ്റവും പിഡിപിയുടെ ചുമലില്‍ കെട്ടിവച്ചിരിക്കുകയാണ്. ബ്രിട്ടിഷുകാര്‍ രാജ്യംവിട്ടതിനു സമാനമായ ഒളിച്ചോട്ടമാണിതെന്നും സേനപരിഹസിച്ചു. പ്രധാനമന്ത്രിക്കെതിരെയും വിമര്‍ശനമുന്നയിക്കുന്ന ലേഖനത്തില്‍, രാജ്യഭരണം കുട്ടിക്കളിയല്ലെന്നു നരേന്ദ്ര മോദി മനസ്സിലാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

അതേസമയം ബിജെപി ഒരു ഭീകരസംഘടനയാണെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. ബിജെപിയെ പോലെ ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ഭീകരസംഘടനയല്ല. ബിജെപിയും ത്രിണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള വാക്ക്‌പോര് പശ്ചിമ ബംഗാളില്‍ രൂക്ഷമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.