മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ പ്രവാസി അറസ്റ്റില്‍

single-img
19 June 2018

മുഖ്യമന്ത്രിക്കു നേരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണകുമാര്‍ നായര്‍ (56) അറസ്റ്റില്‍. അബുദാബിയിൽ നിന്ന് മടങ്ങി വരവെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തിങ്കളാഴ്ച വൈകിട്ടാണ് ഇയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 5നാണ് അബുദാബിയിൽ വെച്ച് ഫെയ്‌സ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഇയാള്‍ വധ ഭീഷണി മുഴക്കിയത്.

ഇത് കൂടാതെ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സംഭവത്തില്‍ കേരള പോലീസ് കേസെടുക്കുകയായിരുന്നു. നാട്ടിലുണ്ടായിരുന്നപ്പോള്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകനായിരുന്നെന്നും പഴയ കത്തി മൂര്‍ച്ചകൂട്ടി എടുക്കുമെന്നുമാണ് ഇയാള്‍ ഫെയ്‌സ് ബുക്ക് വീഡിയോയിലൂടെ പറഞ്ഞത്.

ജോലി ഉപേക്ഷിച്ച് മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ നാട്ടിലേക്ക് എത്തുകയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പിണറായിയെ അസഭ്യം പറഞ്ഞും മന്ത്രി എം.എം. മണിയെ വംശീയമായി അധിക്ഷേപിച്ചുമായിരുന്നു ഭീഷണി.
സംഭവത്തെ തുടര്‍ന്ന് അബുദാബി ആസ്ഥാനമായ എണ്ണക്കമ്പനിയില്‍ റിഗ്ഗിങ് സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്ന കൃഷ്ണകുമാറിന് ജോലി നഷ്ടമാവുകയും ചെയ്തു.

ഇത്തരത്തിലുള്ള പെരുമാറ്റം അനുവദിക്കുന്നതല്ല തങ്ങളുടെ നയമെന്നും കമ്പനി വക്താവ് അറിയിച്ചിരുന്നു. ജോലി പോയി താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്നും നിയമം അനുശാസിക്കുന്ന എന്ത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ നായര്‍ വ്യക്തമാക്കിയിരുന്നു.