ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന തവളയുടെ ഫോസില്‍ കണ്ടെത്തി

single-img
16 June 2018

ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന തവളയുടെ ഫോസില്‍ കണ്ടെത്തി. മ്യാന്‍മറില്‍ ആമ്പറിനുള്ളില്‍ സൂക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഫോസിലിന് പത്തുകോടി വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ക്രെട്ടേഷ്യസ് പിരീഡില്‍ ജീവിച്ചിരുന്ന ഏറ്ററ്വും ചെറിയ ജീവിയുടെ ഫോസില്‍ വളരെ അപൂര്‍വമായിട്ടാണ് ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുള്ളത്. ഒരിഞ്ച് വലിപ്പം മാത്രമുള്ള ചെറുതവളയുടെ ഫോസിലാണ് കണ്ടെത്തിയത്. ഇപ്പോള്‍ ലഭിച്ച ഫോസിലിന് 9.9 കോടി വര്‍ഷം പഴക്കം കാണുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ആദ്യഘട്ട പരിശോധനയില്‍ ഫോസിലിന് പ്രത്യേക രൂപമൊന്നുമില്ലായിരുന്നെങ്കിലും വിശദമായ പരിശോധനയിലാണ് രണ്ടു മുന്‍കാലുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഫോസില്‍ ത്രിമാന രൂപത്തില്‍ സംരക്ഷണം ഒരുക്കിയാണ് സൂക്ഷിച്ചിരിക്കുന്നത്. പഠനത്തിന് പാകമായ രീതിയില്‍ തവളയുടെ തലയോട്ടി കൃത്യമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ മുന്‍കാലുകള്‍ ആമ്പറിനുള്ളില്‍ വെച്ചു തന്നെ ദ്രവിച്ചു പോയിട്ടുണ്ട്.

തവളകളുടെ ഉല്‍പത്തിക്ക് 20 കോടി വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് ലഭിച്ച തവളയുടെ ഫോസിലാണ് ഇതുവരെ ലഭിച്ചവയില്‍ ഏറ്റവും പഴക്കമുള്ളത്. എന്നാല്‍ ഇതിനെക്കാള്‍ പഴക്കമേറിയ ഫോസിലാണ് മ്യാന്‍മാറില്‍ നിന്നും കണ്ടെത്തിയതെന്ന് കരുതുന്നത്.

മഴക്കാടുകളില്‍ തവളകള്‍ ജീവിച്ചിരുന്നു എന്നതിന് തെളിയിക്കാന്‍ ഫോസില്‍ സഹായിച്ചേക്കുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.