ഒരു തുള്ളി വെള്ളം പോലുമിറക്കാനാകാതെ യാതന അനുഭവിച്ച അപൂര്‍വയിനം കൊക്കിന് ഒടുവില്‍ മോചനം

single-img
15 June 2018

ന്യൂഡല്‍ഹി: ഒരു തുള്ളി വെള്ളം പോലുമിറക്കാനാകാതെ യാതന അനുഭവിച്ച കൊക്കിന് ഒടുവില്‍ മോചനം. പ്ലാസ്റ്റിക് കുപ്പിയുടെ വളയം കൊക്കില്‍ കുടുങ്ങി നജഫ്ഗഡിലെ ബ്ലാക്ക് നെക്ക്ഡ് സ്റ്റോക്ക് എന്ന അപൂര്‍വയിനം കൊക്കാണ് ദുരിതത്തിലായത്.

പക്ഷി നിരീക്ഷകന്‍ മനോജ് നായരാണ് കൊക്കിനെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ഗുരുഗ്രാം ബസായ് ചതുപ്പുനിലത്തിന് സമീപത്ത് നിന്നാണ് ഭക്ഷണം കഴിക്കാനോ ഒരിറ്റു വെള്ളം പോലും കുടിക്കാനോ ആകാത്ത അവസ്ഥയില്‍ മനോജ് കൊക്കിനെ കണ്ടതും ചിത്രമെടുത്തതും. ഈ സമയം അവശനിലയിലായിരുന്നു കൊക്ക്. ചിറകുകള്‍ കുഴഞ്ഞ് പറക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഇടയ്ക്കിടെ ചുണ്ട് നനച്ചാണ് അത് ജീവന്‍ നിലനിര്‍ത്തിയത്.

കൊക്കിന്റെ അവസ്ഥയറിഞ്ഞ് നഗരത്തിലെ പക്ഷിസ്‌നേഹികള്‍ മുന്നിട്ടിറങ്ങുകയായിരുന്നു. വ്യാപക തിരച്ചില്‍ നടത്തി അവര്‍ കൊക്കിനെ കണ്ടെത്തി. തുടര്‍ന്ന് കൊക്കിലെ വളയം നീക്കം ചെയ്യുകയായിരുന്നു.