ഫഹദ് അന്ന് പറഞ്ഞ വാക്കുകള്‍ സത്യമായി: അഞ്ജലി മേനോന്
ഫഹദ് ഫാസിലിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നസ്രിയ. ബാംഗ്ലൂര്‍ ഡേയ്സ് സിനിമയ്ക്കിടെയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. ഇപ്പോഴിതാ അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. പൃഥ്വിരാജ്, പാര്‍വ്വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയിലേക്ക് മടങ്ങിയെത്തുന്ന നസ്രിയയെ അഭിനന്ദിച്ച് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഫഹദിന്റെ വാക്കുകള്‍ക്ക് മറുപടിയായി ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവമാണ് അഞ്ജലി പങ്കുവെച്ചത്.
അഞ്ജലിയുടെ കുറിപ്പ്: ‘ ബാംഗ്ലൂര്‍ ഡേയ്സ് ചിത്രീകരണത്തിന്റെ അവസാന ദിവസം ഞങ്ങള്‍ എല്ലാവരും കുറച്ച് സെന്റി ആയി. അത് കൊണ്ട് ഡിന്നറിന് ഒത്തുകൂടാന്‍ തീരുമാനിച്ചു. ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമാല്‍, നിവിന്‍ പിന്നെ ഞാനും. ഇടയ്ക്ക് വെച്ച് ഫഹദ് നസ്രിയ വിവാഹം ചര്‍ച്ച ചെയ്തു.
വിവാഹശേഷം നസ്രിയയുടെ വിവാഹജീവിതം അവസാനിക്കുമെന്ന പൊതുധാരണ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിലനില്ക്കുന്നതിനെക്കുറിച്ചും സംസാരിച്ചു. അതു കേട്ട് ദേഷ്യപ്പെട്ട് ഫഹദ് എന്നോട് പറഞ്ഞു. അഞ്ജലി നിങ്ങളുടെ അടുത്ത ചിത്രത്തില്‍ അവളെ കാസ്റ്റ് ചെയ്യൂ പ്ലീസ്.
നസ്രിയ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമില്ലെന്ന് ആരാണ് കരുതുന്നതെന്നും ചോദിച്ചു. പെട്ടെന്ന് ഫഹദ് പറഞ്ഞ വാക്കുകള്‍ എന്നെ അദ്ഭുതപ്പെടുത്തി. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫഹദിന്റെ വാക്കുകള്‍ സത്യമാവുകയാണ്. കൂടെ എന്ന പുതിയ സിനിമയില്‍ നസ്രിയയുടെ അഭിനയം കാണാന്‍ ഫഹദ് ഇടയ്ക്കിടെ ലൊക്കേഷനില്‍ വരാറുണ്ടായിരുന്നു.
പക്ഷേ ഷൂട്ടിംഗ് തിരക്കുകള്‍ കാരണം ഫഹദിനോട് കാര്യമായി സംസാരിക്കാന്‍ പറ്റിയിരുന്നില്ല. പക്ഷേ ഫഹദിനോട് എനിക്ക് ഇത്രയും പറയാനുണ്ട്. ‘ നസ്രിയ ഉയരങ്ങളിലേക്ക് പറക്കുന്നുവെങ്കില്‍ അവളുടെ ചിറകുകളുടെ ശക്തി നിങ്ങളാണ് ഫഹദ്. അതൊരു വലിയ കാര്യമാണ്. കൂടെയ്ക്ക് നല്കിയ ആശംസകള്‍ക്ക് നന്ദി. എന്നും സന്തോഷമായിരിക്കൂ ഫ ഫാ ( ഫഹദ് ഫാസില്‍), ന ന ( നസ്രിയ നസിം).
കൂടെയുടെ പോസ്റ്ററിനൊപ്പം ഫഹദ് നേരത്തെ കുറിച്ചത് ഇങ്ങനെ
ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നതിന് ഇത്രയധികം ആവേശം ജീവിതത്തില്‍ ഇതിന് മുന്‍പുണ്ടായിട്ടില്ല. മികച്ച അഭിനേതാക്കളും സാങ്കേതികപ്രവര്‍ത്തകരും ഒരുമിക്കുന്നു എന്നതിലുപരി ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ നാല് വര്‍ഷത്തിന് ശേഷം സ്ക്രീനില്‍ കാണാന്‍ പോകുന്നുവെന്നതിന്റെ ആവേശവും ഉണ്ട്.
ജീവിതത്തിലെ നാല് സുവര്‍ണ്ണ വര്‍ഷങ്ങള്‍ അവള് ത്യജിച്ചത് എനിക്കൊരു നല്ല കുടുംബം നല്‍കാനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു നസ്രിയ. അഞ്ജലിക്കും രാജുവിനും പാറുവിനും പിന്നെ എന്റെ നസ്രിയയ്ക്കും എല്ലാവിധ ആശംസകളും..’