സിവില്‍ സര്‍വ്വീസിനെ തകര്‍ത്ത് ഭരണരംഗത്തെ കാവിവല്‍ക്കരിക്കാന്‍ മോദി സര്‍ക്കാരിന്റെ ശ്രമം: എതിര്‍പ്പുമായി പ്രതിപക്ഷം

single-img
11 June 2018

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ ജോയിന്റ് സെക്രട്ടറി ലെവല്‍ പോസ്റ്റിലേക്ക് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തനമികവ് തെളിയിച്ചവരെ നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം. സംഘികളെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്തെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സിവില്‍ സര്‍വ്വീസിനെ തകര്‍ത്ത് ഭരണരംഗത്തെ കാവിവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം അനുവദിക്കില്ലെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആരോപിച്ചു. സംഘികളെ ഐഎഎസ് പദവിയിലെത്തിക്കാന്‍ സര്‍ക്കാര്‍ അവസാന നാളുകളില്‍ ശ്രമിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.

ഭരണ ഘടനയെ മറികടന്നുള്ള നിയമനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. നാളെ ഇവര്‍ തെരഞ്ഞെടുപ്പില്ലാതെ പ്രധാനമന്ത്രിയേയും കാബിനെറ്റിനേയും നിയമിക്കുമെന്നും തേജസ്വി യാദവ് പരിഹസിച്ചു.

രാഷ്ട്രതാല്‍പര്യത്തിനെതിരായ നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് കോണ്‍ഗ്രസ് കുറ്റപെടുത്തി. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ നയവും ദൈനംദിന പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് സ്വകാര്യ മേഖലയിലെ വന്‍കിട സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാറുകാരാണ്.

ഇവരെ ഐഎഎസ് റാങ്കുള്ള പദവി നല്‍കി ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. റവന്യു, ധനകാര്യം, കൃഷി, സഹകരണവും കര്‍ഷക ക്ഷേമവും, റോഡ് ഗതാഗതം, ഷിപ്പിങ്, പരിസ്ഥിതി, ഊര്‍ജം, തുടങ്ങി പത്ത് മേഖലകളിലാണ് ജോയിന്റ് സെക്രട്ടറിമാരാകാന്‍ സിവില്‍ സര്‍വ്വീസുകാരല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

നിലവില്‍ സിവില്‍ സര്‍വ്വീസുകാരാണ് ഈ പദവികളിലുള്ളത്. സ്വകാര്യ മേഖലയില്‍ മികവ് തെളിയിച്ചവരെ ജോയിന്റ് സെക്രട്ടറിമാരുടെ പദവിയിലെത്തിക്കുന്നതിലൂടെ രാഷ്ട്രനിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്നാണ് പേഴ്‌സണല്‍ മന്ത്രാലയം വിശദീകരിച്ചത്.

കാരാര്‍ അടിസ്ഥാനത്തിലാണ് സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ ബ്യൂറോക്രസിയിലെടുക്കുക. മൂന്ന് വര്‍ഷമാണ് കരാര്‍ കാലാവധി. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടുകയും ചെയ്യാം. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ജോയിന്റ് സെക്രട്ടമാരുടെ കുറവുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് ഈ നിയമനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.