ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു; യുവ എംഎല്‍എമാര്‍ വിട്ടുനിന്നു

single-img
11 June 2018

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി. സിപിഎം സ്ഥാനാര്‍ത്ഥി എളമരം കരിം, സിപിഐ സ്ഥാനാര്‍ത്ഥി ബിനോയ് വിശ്വം, യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

എളമരം കരിം, ബിനോയി വിശ്വം എന്നിവര്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കെബി ഗണേഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ക്കൊപ്പമെത്തി പത്രിക സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമെത്തിയാണ് ജോസ്.കെ.മാണി പത്രിക സമര്‍പ്പിച്ചത്.

മുസ്ലീം ലീഗിനെ പ്രതിനിധീകരിച്ച് എം.കെ.മുനീറും കെ.എന്‍.എ ഖാദറും എത്തിയിരുന്നു. ജോസ്.കെ.മാണിയുടെ പിതാവും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ കെ.എം.മാണി പത്രിക സമര്‍പ്പിക്കാന്‍ എത്തിയില്ല. കോണ്‍ഗ്രസിന്റെ യുവ എംഎല്‍എമാരില്‍ അന്‍വര്‍ സാദത്ത് മാത്രമാണ് പത്രികാസമര്‍പ്പണത്തിന് എത്തിയത്.

അദ്ദേഹം വന്നയുടന്‍ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. വി.ഡി.സതീശനും എത്തിയില്ല. നിയമസഭയില്‍ തിരക്കുകളുള്ളതിനാല്‍ എത്താന്‍ കഴിയാത്തതാവാമെന്ന് ന്യായീകരിച്ചാലും വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുവ എംഎല്‍എമാരുടെ അസാന്നിധ്യം ശ്രദ്ധേയമായി.

മൂന്ന് ഒഴിവുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രം മത്സരരംഗത്തുള്ളതിനാല്‍ വോട്ടെടുപ്പടക്കമുള്ള നടപടിക്രമങ്ങള്‍ ഒഴിവാക്കി സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഇവരെ വിജയികളായി പ്രഖ്യാപിക്കും.