ജസ്‌നയെ കാണാതായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി നാട്ടുകാര്‍

single-img
8 June 2018

പത്തനംതിട്ടയിലെ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌നയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. പോലീസ് ജസ്‌നയ്ക്കായി തെരച്ചില്‍ ശക്തമാക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി നാട്ടുകാര്‍ രംഗത്തെത്തി. ജെസ്‌നയെ കാണാതായ സംഭവത്തില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആക്ഷേപമാണ് നാട്ടുകാരില്‍ ഒരുവിഭാഗത്തിനുള്ളത്.

വീട്ടുകാര്‍ എന്തൊക്കെയോ ഒളിച്ചുവെക്കുകയാണെന്നും, തങ്ങള്‍ക്ക് ചില സംശയങ്ങളൊക്കെ ഉണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ജസ്‌ന മാനസിക സമ്മര്‍ദ്ദത്തിനടിപെട്ടിരുന്നതായി വീട്ടുകാര്‍ പറയുമ്പോഴും ഇത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ അവര്‍ അന്വേഷണ സംഘത്തിന് നല്‍കിയില്ലെന്ന കുറ്റപെടുത്തലും നാട്ടുകാരില്‍ നിന്നുയരുന്നുണ്ട്.

കാണാതായപ്പോള്‍ ജസ്‌ന ഏതെങ്കിലും ധ്യാന കേന്ദ്രത്തിലുണ്ടാകുമെന്ന് ആദ്യം പറഞ്ഞതും ജസ്‌നയുടെ വീട്ടുകാരാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജസ്‌നയുടെ പിതാവിനെ കുറിച്ച് പല ആരോപണങ്ങളും സംശയങ്ങളും ഉണ്ടെങ്കിലും ഭയം മൂലമാണ് പലരും ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

പോലീസിന് ലഭിച്ച ഊമകത്തുകളില്‍ പോലും അന്വേഷണം നടക്കുന്നില്ലെന്നും അന്വേഷണത്തില്‍ ഉന്നത ഇടപെടലുകളുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപെട്ട് പ്രക്ഷോഭ പരിപാടികള്‍ നടന്ന് വരുകയാണ്.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എയും ആക്ഷേപമുന്നയിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും ആക്ഷേപങ്ങള്‍ തള്ളിക്കളഞ്ഞ ജസ്‌നയുടെ പിതാവ് ജയിംസ് പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ‘ഇ വാര്‍ത്ത’യോട് പറഞ്ഞു.

അതേസമയം ജസ്‌നയെ കണ്ടെത്തുന്നതിനായി റാന്നി വനമേഖലയിലെ ഇലവുങ്കല്‍ ഭാഗത്ത് പോലീസ് തിരച്ചില്‍ നടത്തി. ഈ ഭാഗത്ത് ബാഗും ചുരിധാറും കണ്ടിരുന്നെന്നും ദുര്‍ഗന്ധം വമിച്ചിരുന്നെന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

വനമേഖലയില്‍ പെയ്ത കനത്ത മഴ വനത്തിനുള്ളിലെ തിരച്ചിലിന് തടസ്സം സൃഷ്ടിച്ചു. ഈ ഭാഗത്ത് വീണ്ടും തിരച്ചില്‍ നടത്തിയേക്കും. മാര്‍ച്ച് 22 നാണ് ജസ്‌നയെ കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോയ ജസ്‌നയെ പിന്നീട് കാണാതാവുകയായിരുന്നു. ജസ്‌നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.