നിപാ വൈറസ്: വ്യാജ വാര്‍ത്ത നല്‍കിയ ജന്മഭൂമി ദിനപത്രത്തിനെതിരേ കേസെടുത്തു

single-img
7 June 2018

നിപാ വൈറസ് ബാധ സംബന്ധിച്ച് അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്ന പരാതിയില്‍ ജന്മഭൂമി ദിനപത്രത്തിനെതിരേ പൊലീസ് കേസെടുത്തു. കോടതി നിര്‍ദേശ പ്രകാരം പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്. നിപ രോഗത്തെ തുടര്‍ന്ന് മരിച്ച സൂപ്പിക്കടയിലെ സാബിത്തിന്റെയും സാലിഹിന്റെയും ഉമ്മ മറിയം കോഴിക്കോട് റൂറല്‍ എസ്.പി.ക്ക് നല്‍കിയ പരാതിയിലാണ് നടപടി.

‘കോഴിക്കോട്ടും മലപ്പുറത്തും മരണം വിതച്ച നിപ വൈറസ് മലേഷ്യയില്‍ നിന്ന് എത്തിയതാണെന്ന് സംശയം. ആദ്യം രോഗം ബാധിച്ച് മരിച്ച പേരാമ്പ്ര ചങ്ങരോത്ത് വളച്ച് കെട്ടിയില്‍ സാബിത്ത് മലേഷ്യയിലായിരുന്നെന്ന് സൂചന.’ എന്നാണ് ആധികാരിക സ്രോതസുകളെ ഒന്നും ഉദ്ധരിക്കാതെ ജന്മഭൂമി വാര്‍ത്ത നല്‍കിയത്.

ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ ചുവന്ന നിറത്തില്‍ ‘ശ്രദ്ധ സാബിത്തില്‍’ എന്ന പ്രധാന തലക്കെട്ടില്‍ കഴിഞ്ഞ ദിവസത്തെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് വീണ്ടും ജന്മഭൂമി വാര്‍ത്ത നല്‍കി. രോഗലക്ഷണങ്ങളോടെയാണ് സാബിത്ത് നാട്ടിലെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായും ജന്മഭൂമി എഴുതി. ഈ വാര്‍ത്ത പിന്നീട് വാട്‌സ്അപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമായി പ്രചരിച്ചിരുന്നു.

എന്നാല്‍ യാത്രാ രേഖകളെല്ലാം ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ചതാണെന്നും മറ്റ് ആരോപണങ്ങള്‍ അപകീര്‍ത്തിപെടുത്താന്‍ ഉദ്ദേശിച്ചാണെന്നും ആരോപിച്ചാണ് മറിയം, ജന്മഭൂമി പത്രത്തിനെതിരെ പരാതി നല്‍കിയത്. പരാതി പെരുവണ്ണാമൂഴി പോലീസ് പേരാമ്പ്ര മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള പയ്യോളി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്ത് അന്വേഷിക്കുന്നത്.