തൂത്തുക്കുടി വെടിവയ്പില്‍ മരിച്ചവരുടെ ബന്ധുക്കളെ കാണാന്‍ അര്‍ദ്ധരാത്രി നടന്‍ വിജയ് എത്തി: സന്ദര്‍ശനം ആരാധകരെയും മാധ്യമങ്ങളെയും അറിയിക്കാതെ ബൈക്കില്‍

single-img
6 June 2018

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റിന്റെ ചെമ്പ് പ്‌ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ തമിഴ് നടന്‍ വിജയ് സന്ദര്‍ശിച്ചു. അപ്രതീക്ഷിതമായായിരുന്നു വിജയിയുടെ സന്ദര്‍ശനം. ആരാധകരെയും മാധ്യമങ്ങളെയുമൊന്നും അറിയിക്കാതെയാണ് വിജയ് ഇന്നലെ രാത്രി 12 മണിയോടെ തുത്തുക്കുടിയില്‍ എത്തിയത്.

കരച്ചിലോടെയാണ് പല കുടുംബങ്ങളും താരത്തെ എതിരേറ്റത്. അവര്‍ക്കുമുന്നില്‍ വികാരഭാരത്തോടെ നില്‍ക്കുന്ന വിജയിയെ പ്രചരിക്കുന്ന വിഡിയോകളില്‍ കാണാം. ഭാസ്‌കര്‍, താങ്കയ്യ, ധീന കാര്‍ത്തിക്, സ്‌നോലിന്‍, ആന്റണി കാര്‍ത്തിക്, ക്ലിസ്റ്റണ്‍, ജാന്‍സി, കാളിയപ്പന്‍, താളമുത്തു എന്നിവരുടെ വീടുകളില്‍ വിജയ് എത്തി.

ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ സഹായധനവും കൈമാറി. പുലര്‍ച്ചെ രണ്ടു മണിയോടെ അദ്ദേഹം മടങ്ങി. നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിജയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള വിവരം പുറത്തായത്.