നോമ്പ് തുറക്കാനായി വെള്ളം പോലും കൊടുക്കാന്‍ പൊലീസുകാര്‍ സമ്മതിച്ചില്ല; കല്ല്യാണം ആലോചിക്കാന്‍ വന്നതാണോയെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്ക് നേരെയും ആക്രോശം; യുവാവിനെതിരായ മര്‍ദനത്തില്‍ പ്രതിഷേധം ശക്തം

single-img
6 June 2018

ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് സ്റ്റേഷനിലേക്കു വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ചു നടത്തി. പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘പൊലീസിന് വീഴ്ച പറ്റി’യെന്ന് ദിവസവും പറയേണ്ട ഗതികേടിലാണ് മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. പൊലീസിനെ വിമര്‍ശിച്ചും മാധ്യമങ്ങളെ പിന്തുണച്ചും വി.എസ്. അച്യുതാനന്ദനും രംഗത്തെത്തി. പൊലീസ് നിരന്തരം നിയമലംഘകരാകുന്നത് ആശങ്കാജനകം.

നിയമലംഘനങ്ങള്‍ മേധാവികള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ. അക്രമം അവസാനിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസിന്റേത് കുറ്റകൃത്യമെന്നായിരുന്നു സിപിഎം നേതാവ് എം.സ്വരാജിന്റെ പ്രതികരണം. റമസാന്‍ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ടു ഗള്‍ഫില്‍ നിന്നു രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്മാനാണ് പൊലീസ് മര്‍ദനത്തിന് ഇരയായത്.

വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപം നോമ്പുതുറയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി ബൈക്കില്‍ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാന്‍. ഈ സമയം അമിത വേഗത്തിലെത്തിയ സ്വകാര്യ കാര്‍ ഉസ്മാനെ ഇടിച്ചിട്ടു. റോഡില്‍ വീണ ഉസ്മാന്‍ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി.

ഒറ്റനോട്ടത്തില്‍ ക്വട്ടേഷന്‍ സംഘമാണെന്നാണ് കരുതിയത്. കാറിലുള്ളവര്‍ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടര്‍ന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു. എടത്തല എസ്‌ഐ ജി. അരുണിന്റേതാണു കാര്‍. എന്നാല്‍ എസ്‌ഐ കാറില്‍ ഉണ്ടായിരുന്നില്ല.

ഉസ്മാനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാന്‍ ആളുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കാര്‍ എസ്‌ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവര്‍ പൊലീസുകാരാണെന്നും അറിഞ്ഞത്. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ തങ്ങളോട് പൊലീസ് ഒട്ടും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നു ഉസ്മാന്റെ സഹോദരന്‍ സിദ്ദിഖ് പറയുന്നു.

ഉസ്മാനെ ആരോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് തങ്ങള്‍ കരുതിയത്. പരാതി കൊടുക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഉസ്മാന്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ കല്യാണം ആലോചിക്കാന്‍ വന്നതാണോയെന്നായിരുന്നു അവിടെയുള്ള പൊലീസുകാരന്‍ ചോദിച്ചത്.

അനിയനെ പിടിച്ചുകൊണ്ടുവന്നതിനെ കുറിച്ച് അറിയാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ അധികനേരം ഇവിടെ നിന്നാല്‍ തങ്ങളെ പെറ്റിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ മൊത്തം കേസെടുക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഉസ്മാന്‍ ഏറെ അവശനായിരുന്നു. നോമ്പ് തുറക്കണമെന്നും അല്‍പം വെള്ളം കൊടുക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ സമ്മതിച്ചില്ല- സിദ്ദിഖ് പറയുന്നു. പിന്നീട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നേരെ പൊലീസ് ഭീഷണി മുഴക്കി. ഏറെ നേരം അസഭ്യവര്‍ഷം നടത്തി.

അന്‍വര്‍ സാദത്ത് എംഎല്‍എ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അപ്പോഴേയ്ക്കും കസ്റ്റഡിയില്‍ മൂന്നു മണിക്കൂര്‍ പിന്നിട്ടിരുന്നു. മുഖം ഉള്‍പ്പെടെ ദേഹത്തു പലഭാഗത്തും മര്‍ദനത്തിന്റെ ക്ഷതമേറ്റ പാടുകളുണ്ട്.

ഉസ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കാന്‍ പൊലീസ് നടത്തിയ നീക്കം ആശുപത്രിയിലും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു പിന്നീടു വിദഗ്ധ ചികില്‍സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

കവിളെല്ലിനു പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്. അതേസമയം, മുതിരക്കാട്ടുമുകളില്‍ നിന്നു പോക്‌സോ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു കാറില്‍ വരികയായിരുന്നു പൊലീസുകാരായ അഫ്‌സല്‍, ജലീല്‍, പുഷ്പരാജ് എന്നിവരെന്നു പൊലീസ് പറഞ്ഞു. ഉസ്മാന്‍ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മില്‍ ഉരസിയതിനെത്തുടര്‍ന്നു ബൈക്ക് റോഡിനു കുറുകെയിട്ടു കാര്‍ തടയുകയും സിപിഒ അഫ്‌സലിനെ മര്‍ദിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു.

പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും സിപിഒ അഫ്‌സലിനെ മര്‍ദിച്ചതിനും ഉസ്മാനെ പ്രതിയാക്കി കേസെടുത്തു. ഉസ്മാനെ മര്‍ദിച്ചതിന് എടത്തല സ്റ്റേഷനിലെ എഎസ്‌ഐ പുഷ്പരാജ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഫ്‌സല്‍, ജലീല്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന ഒരു പൊലീസുകാരനെതിരെയും കേസെടുത്തു.

മര്‍ദിച്ചു, മുറിവേല്‍പിച്ചു, അന്യായമായി തടങ്കലില്‍ വച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മര്‍ദനമേറ്റ യുവാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസുകാരെ ആദ്യം കയ്യേറ്റം ചെയ്തത് ഉസ്മാനാണെന്നാണ് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട്. യുവാവിന് പൊലീസ് മര്‍ദനമേറ്റ വിഷയം പരിശോധിച്ച് വേണ്ട നടപടിയെടുക്കാന്‍ ആലുവ റൂറല്‍ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.