എടപ്പാള്‍ പീഡനം: തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി തെറിച്ചു; അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
6 June 2018

തിരുവനന്തപുരം: എടപ്പാള്‍ തിയേറ്റര്‍ പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ച തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റി. മലപ്പുറം ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു വര്‍ഗീസിനെ പോലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്.

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സ്ഥലംമാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. മേലുദ്യോഗസ്ഥര്‍ അറിയാതെയാണ് ഡിവൈഎസ്പി തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന് റേഞ്ച് ഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തതു വിവാദമായിരുന്നു.

അതേസമയം, തിയറ്ററില്‍ പത്തുവയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് പുനഃപരിശോധിക്കും. ചട്ടം ലംഘിച്ചാണ് അറസ്റ്റുണ്ടായതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. പരിശോധിച്ചശേഷം തുടര്‍നടപടി മതിയെന്ന് ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.