യുവാക്കള്‍ 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാക്കുന്നതോടെ ത്രിപുര വികസിക്കും: പുതിയ ആശയവുമായി ബിപ്ലബ് ദേവ്

single-img
3 June 2018

അഗര്‍ത്തല: കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് സംസ്ഥാനത്തെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതുവഴി ത്രിപുരയുടെ ‘നെഞ്ചളവ്’ 56 ഇഞ്ചാകുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

ആരോഗ്യമുള്ള യുവജനങ്ങള്‍ക്കൊപ്പം മാത്രമേ സംസ്ഥാനം വികസിക്കുകയുള്ളൂ. എല്ലാ യുവാക്കളും പുഷ് അപ്പ് എടുത്താല്‍ അവര്‍ ഫിറ്റായി ഇരിക്കും ഒപ്പം സംസ്ഥാനവും ഫിറ്റാകും. എല്ലാവര്‍ക്കും എല്ലാവരുടേയും ഒപ്പം വികസനം നേടുമ്പോള്‍ യുവാക്കള്‍ക്ക് 56 ഇഞ്ച് നെഞ്ചളവ് സ്വന്തമാകുമെന്ന് ബിപ്ലബ് ദേവ് വ്യക്തമാക്കി.

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി എതിരാളികള്‍ ദുര്‍ബലരാണെന്ന് കാണിക്കാന്‍ തനിക്ക് 56 ഇഞ്ച് അളവുള്ള നെഞ്ചളവ് സ്വന്തമാണെന്ന് അവകാശപ്പെട്ടത്. കേന്ദ്ര കായികമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച ബിപ്ലബ് ദേവ് 20 പുഷ് അപ്പുകള്‍ ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഇനീം ഇരുപത് പുഷ് അപ്പ് ചെയ്യാന്‍ തനിക്ക് സാധിക്കുമെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. വികസനം കൊണ്ട് ലക്ഷ്യമിടുന്നത് വ്യവസായ മേഖലയുടേത് മാത്രമല്ല കായിക മേഖലയുടേത് കൂടെയാണെന്ന് ബിപ്ലബ് ദേവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ കായിക മേഖലയില്‍ ഉന്നതിയില്‍ എത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ബിപ്ലബ് ദേവ് പറഞ്ഞു.