കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റി

single-img
28 May 2018

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനല്‍ കോളജുകളുള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു നീട്ടിവച്ചു. ജൂണ്‍ അഞ്ചാം തീയതിയായിരിക്കും ഈ രണ്ടു ജില്ലകളിലും സ്‌കൂളുകള്‍ തുറക്കുക. നിപ്പയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

നിപ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറഞ്ഞെന്ന് യോഗം വിലയിരുത്തി. പുതിയ കേസുകള്‍ ഇപ്പോള്‍ വരുന്നില്ലെന്നും നേരത്തെ രോഗം വന്നു മരിച്ചവരുമായി ബന്ധമുള്ളവരെല്ലാം ഇപ്പോഴും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി കെ.കെ.ഷൈലജ വിശദീകരിച്ചു.

വൈറസ് ബാധയ്ക്ക് രണ്ടാം ഘട്ടം ഉണ്ടാവുകയാണെങ്കില്‍ അതിനെ നേരിടാനുള്ള സംവിധാനങ്ങളും തയ്യാറെടുപ്പും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. മുന്‍കരുതലെന്ന നിലയില്‍ കൂടുതല്‍ ഐസലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കും. വൈറസ് ബാധ കണ്ടെത്തെന്നുവരുമായി ബന്ധമുള്ളവര്‍ക്ക് നേരിട്ട് കാര്യം അറിയിക്കാനുള്ള സംവിധാനം ഒരുക്കും. എന്‍95 മാസ്‌കുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

നിപ ബാധിതര്‍ക്കുള്ള ഐസലേഷന്‍ വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. അടുത്ത മാസം 10 വരെ നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട നിരീക്ഷണം തുടരും. ഉത്സവം, ആഘോഷം എന്നിങ്ങനെയുള്ള പൊതുപരിപാടികള്‍ നടക്കുന്ന സ്ഥലത്ത് രോഗിയുമായി ബന്ധമുള്ളവര്‍ പോകാന്‍ പാടില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു.