പോലീസ് ‘ഒന്ന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍’ നീനുവിന് കെവിനെ തിരിച്ചുകിട്ടിയേനേ…: പക്ഷേ മുഖ്യമന്ത്രി പോയിട്ട് അന്വേഷിക്കാമെന്ന് പറഞ്ഞ് അവര്‍ നീനുവിന് സമ്മാനിച്ചത് തീരാവേദന

single-img
28 May 2018

കോട്ടയം: ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ യുവതിയോട് പോലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.

കോട്ടയം ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഇത്രയും നിരുത്തരവാദപരമായ രീതിയില്‍ പെരുമാറിയത്. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പോലീസ് സ്‌റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി പോലീസ് സ്വീകരിച്ചില്ല.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി 11 മണിക്ക് നീനുവും പോലീസ്സ്‌റ്റേഷനിലെത്തി. എന്നാല്‍ ആ പരാതിയും പോലീസ് ആദ്യം സ്വീകരിച്ചില്ല. പൊലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നീനു പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ മാത്രമാണ് പോലീസ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കോട്ടയത്തെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയായ കൊല്ലം തെന്മല സ്വദേശി നീനു ചാക്കോയും കോട്ടയം നാട്ടാശേരി സ്വദേശി കെവിന്‍.പി.ജോസഫും മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തോട് നീനുവിന്റെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു.

ഇതിനിടയില്‍ മറ്റൊരാളുമായി നീനുവിന്റെ വിവാഹം നിശ്ചയിച്ചുവെങ്കിലും നീനു കെവിനൊപ്പം ഇറങ്ങിപ്പോന്നു. വൈകീട്ട് 7.30ന് നീനു വീട്ടില്‍ വിളിച്ച് കെവിനുമായുള്ള വിവാഹം കഴിഞ്ഞെന്ന് അറിയിച്ചു. വീട്ടുകാര്‍ തിരിച്ചുവിളിച്ചെങ്കിലും ഫോണെടുത്തില്ല.

നീനുവിന്റെ ബന്ധുക്കള്‍ 25നു ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. നീനുവിനെയും കെവിനെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. കെവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ച് മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, നീനുവിനെ അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു.

വീട്ടിലെ സാധന ങ്ങളെല്ലാം അടിച്ചു തകര്‍ത്ത ശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാ സംഘത്തിന്റെ മര്‍ദനത്തില്‍ വീണ്ടും പരുക്കേറ്റിട്ടുണ്ട്.

മകളെ കാണാനില്ലെന്നു പിതാവ് ചാക്കോ ഇന്നലെ വൈകിട്ടു പരാതി നല്‍കിയതോടെ നീനുവിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. കെവിനൊപ്പം പോകണമെന്നു നീനു ബോധിപ്പിച്ചതിനാല്‍ കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

കെവിനെ തട്ടിക്കൊണ്ട് പോയ വാഹനങ്ങളിലൊന്ന് കഴിഞ്ഞ രാത്രി തന്നെ തെന്മല ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. മൂന്ന് വാഹനങ്ങളിലായി 12 അംഗ സംഘമാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. ആര്യങ്കാവ് ചെക്‌പോസ്റ്റ് വഴി തമിഴ്‌നാട്ടിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി.

എന്നാല്‍ ഇതിനിടയില്‍ തന്നെ കെവിന്‍ കൊല്ലപ്പെട്ടതായാണ് സൂചന. തുടര്‍ന്ന് തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര തോട്ടില്‍ കെവിന്റെ മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാലേ മരണകാരണം വ്യക്തമാകൂ. അതേസമയം, പ്രതികള്‍ തെങ്കാശി ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയ ഗാന്ധിനഗര്‍ എസ്.ഐ എം.ആര്‍.ഷിബു സംഭവത്തില്‍ ഗുരുതര വീഴ്ച വരുത്തിയതായി കൊല്ലപ്പെട്ട കെവിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കി. സംഭവത്തില്‍ എസ്‌ഐക്കെതിരേ അന്വേഷണം തുടങ്ങി.