തെറ്റിധാരണകള്‍ പ്രചരിപ്പിക്കരുത്; ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം ഇടാമെന്ന് മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി

single-img
28 May 2018

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എം.പി അമര്‍ സാബ്ലെ. ഈ വിഷയം സംബന്ധിച്ച് തെറ്റിധാരണകള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്ന് കള്ളപ്പണം കൊണ്ടുവന്ന് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം വീതം നല്‍കുമെന്ന വാഗ്ദാനത്തിന്റെ പേരില്‍ മോദിയും ബിജെപിയും നിരവധി പരിഹാസങ്ങള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അങ്ങനെയൊരു വാഗ്ദാനം തിരഞ്ഞെടുപ്പ് കാലത്ത് നരേന്ദ്രമോദി പറഞ്ഞിട്ടേയില്ലെന്നാണ് ബിജെപി നേതാവ് ആണയിടുന്നത്.

മോദി അങ്ങനെയൊരു വാഗ്ദാനം നല്‍കിയിട്ടില്ലെന്നും ബിജെപിയുടെ പ്രകടന പത്രികയില്‍ പോലും അക്കാര്യമില്ലെന്നും അമര്‍ സാബ്‌ളെ വിശദീകരിച്ചു. 15 ലക്ഷം ജനങ്ങളുടെ അക്കൗണ്ടിലേക്ക് ഇടുമെന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി രാജ്യസഭാ എംപിയായ അമര്‍ സാബ്‌ളെ ഇക്കാര്യങ്ങള്‍ ആരോപിച്ചത്.